ന്യൂദൽഹി : ദൽഹിയിലെ കൊണാട്ട് പ്ലേസിൽ കോൺഗ്രസ് പ്രവർത്തകർ കശ്മീരി യുവാവിനെ മർദ്ദിച്ചതായി പരാതി. ശ്രീനഗർ സ്വദേശിയായ ഫഹീം നസീറിനെയാണ് രാഹുൽ ഗാന്ധിയെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസുകാർ മർദ്ദിച്ചത്.
ഇൻഡി മുന്നണി പ്രതിഷേധങ്ങൾക്കിടെ കൊണാട്ട് പ്ലേസിൽ ഉണ്ടായിരുമ്മ ഫഹീം നസീർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും രാഹുൽ ഗാന്ധിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. ഇത് കോൺഗ്രസ് പ്രവർത്തകരും ഫഹീം നസീറും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. പിന്നാലെയാണ് അദ്ദേഹത്തിന് മർദ്ദനമേറ്റത് .
കാശ്മീർ നിവാസിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫഹീം നസീർ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് പറഞ്ഞു . ഒരു രാഷ്‌ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ രാജ്യം നേപ്പാളിനെയോ ബംഗ്ലാദേശിനെയോ പോലെയാകാൻ ഞാൻ അനുവദിക്കില്ല , അത് എന്റെ ഉത്തരവാദിത്തമാണ് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് ,” ഫാഹിം പറഞ്ഞു. സംഭാഷണത്തിനിടെ, “വോട്ട് മോഷണം” എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെയും ഫാഹിം ചോദ്യം ചെയ്തു. പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വോട്ട് മോഷണം പറയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ഭരണകാലത്താണ് ഇവിഎമ്മുകൾ അവതരിപ്പിച്ചതെന്നും ഫഹീം നസീർ പറഞ്ഞു.
‘ നിങ്ങളുടെ എല്ലാവരുടെയും പക്കൽ ദൃശ്യങ്ങളുണ്ട്. ഞാൻ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിട്ടില്ല, പക്ഷേ എന്നെ കഠിനമായി മർദ്ദിച്ചു. രാജ്യത്തെ നേപ്പാൾ അല്ലെങ്കിൽ ബംഗ്ലാദേശ് പോലെയാക്കാൻ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രാജ്യത്തെ മനസ്സിലാക്കി ക്കാനാണ് ഞാൻ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണം ‘ എന്നും ഫഹീം നസീർ പറഞ്ഞു.
















