സിഡ്‌നി: ഭീകരാക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയെന്ന് ആരോപിച്ച് കൗമാരക്കാരനെ ആസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണക്കേസ് ഇയാളുടെ മേല്‍ ചുമത്തുമെന്നാണ് സൂചന. ഇതിന് പുറമെ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ വിദേശരാജ്യത്ത് പ്രവേശിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടാകും. നേരത്തെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ലഭിച്ചേക്കാം.
ആസൂത്രണം ചെയ്തത് പോലെ നടന്നിരുന്നെങ്കില്‍ അത് വലിയൊരാക്രമണം ആയിരുന്നേനെയെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. ഇയാള്‍ തോക്ക് സമ്പാദിക്കാനുളള മാര്‍ഗങ്ങള്‍ തേടിയതായും പോലീസ് പറഞ്ഞു.
ഇയാള്‍ തനിച്ച് തന്നെയാണ് ഇത്തരം പ്രവൃത്തികള്‍ നടത്തിയതെന്നും അത് കൊണ്ട് തന്നെ ഇനി ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം മുതല്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് സിറിയയിലേക്കുളള ഇയാളുടെ യാത്ര തടഞ്ഞിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് വിലക്കുകയും രാജ്യം വിട്ട് പോകുന്നത് തടയുകയും ചെയ്തു.
















