നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നടന്ന ആവേശകരമായ ഷൂട്ട്-ഓഫിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി സാഹിൽ ജാദവ്, ചിക്കിത തനിപാർത്തി എന്നിവരടങ്ങുന്ന ഇന്ത്യയുടെ കോമ്പൗണ്ട് മിക്സഡ് ആർച്ചറി ടീം സ്വർണ്ണ മെഡൽ നേടി. ഈ വിജയത്തോടെ 2028-ലെ ഒളിമ്പിക് ഗെയിംസിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് ഒരു ക്വാട്ടാ സ്ഥാനവും ഉറപ്പിക്കാനായി.
ദക്ഷിണ കൊറിയയുടെ ജുങ്‌യൂൺ പാർക്ക്, ചോയ് യൂൻ ഗ്യു എന്നിവരെ ഷൂട്ട്-ഓഫിനൊടുവിൽ 158-157 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡി സ്വർണം നേടിയത്. ഫൈനലിൽ ചിക്കിതയും സാഹിലും അടങ്ങുന്ന ഇന്ത്യൻ സഖ്യം മികച്ച തുടക്കമാണ് കാഴ്ചവെച്ചത്; ആദ്യ സെറ്റ് അവസാനിക്കുമ്പോൾ അവർ 40-39 എന്ന നിലയിൽ മുന്നിലായിരുന്നു. രണ്ടാം സെറ്റിലും ലീഡ് നിലനിർത്തിയ ഇന്ത്യൻ ജോഡി, ആ സെറ്റ് 80-78 എന്ന സ്‌കോറിലാണ് പൂർത്തിയാക്കിയത്. മൂന്നാം സെറ്റിലും തങ്ങളുടെ രണ്ട് പോയിന്റ് ലീഡ് നിലനിർത്താൻ ഇന്ത്യൻ സഖ്യത്തിന് സാധിച്ചു; 118-117 എന്ന നിലയിലാണ് അവർ ആ സെറ്റ് അവസാനിപ്പിച്ചത്. എന്നാൽ നാലാം റൗണ്ട് ഇന്ത്യൻ ജോഡിക്ക് പ്രതീക്ഷിച്ചതുപോലെയായില്ല; ഇന്ത്യ 39 പോയിന്റ് നേടിയപ്പോൾ ദക്ഷിണ കൊറിയൻ സഖ്യം 40 പോയിന്റ് നേടി. ഇതോടെ മത്സരം 157-157 എന്ന നിലയിൽ സമനിലയിലാവുകയും ഷൂട്ട്-ഓഫ് വേണ്ടി വരികയും ചെയ്തു.
ഷൂട്ട്-ഓഫിൽ, ചിക്കിത 10 പോയിന്റ് നേടി തുടക്കം കുറിച്ചു; ദക്ഷി കൊറിയൻ താരമായ പാർക്കും10 പോയിന്റ് നേടിയെങ്കിലും, ചിക്കിതയേക്കാൾ കേന്ദ്രത്തോട് (bull’s-eye) കൂടുതൽ അടുത്തായിരുന്നു പാർക്കിന്റെ അമ്പ് പതിച്ചത്. തുടർന്ന് സാഹിലും 10 പോയിന്റ് നേടി; എന്നാൽ പാർക്കിന്റെ അമ്പുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അമ്പും കേന്ദ്രത്തിൽ നിന്ന് അല്പം അകലെയായാണ് പതിച്ചത്. അതിനാൽ, സ്വർണം ഉറപ്പിക്കാൻ ദക്ഷി കൊറിയയുടെ ചോയി 9 പോയിന്റ് നേടേണ്ടതുണ്ടായിരുന്നു. ചോയി 9 പോയിന്റ് നേടിയതോടെ ഇന്ത്യ സ്വർണ്ണ മെഡൽ സ്വന്തമാക്കി.
സെമിഫൈനലിൽ തായ്‌ലൻഡിനെ 156-155 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സ്വർണ്ണ മെഡൽ മത്സരത്തിലേക്ക് പ്രവേശിച്ചത്. വനിതാ കോമ്പൗണ്ട് ടീം ഇനത്തിൽ നേരത്തെ നേടിയ സ്വർണ്ണത്തിന് പിന്നാലെ, 2026 ഏഷ്യൻ ഗെയിംസിലെ അമ്പെയ്‌ത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണ മെഡലാണിത്. ഇതോടെ 8 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 54 ആയി ഉയർന്നു.
















