പത്തനംതിട്ട: അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ നിന്നും ഗവിയിലേക്ക് കുടിയേറിയ തമിഴ് വംശജരുടെ പേരില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് വന്‍ ലൈഫ് ഭവന തട്ടിപ്പ്. സീതത്തോട് പഞ്ചായത്താണ് കോട്ടമണ്‍പാറ, സീതത്തോട് മേഖലകളിലായി ശ്രീലങ്കന്‍ വംശജര്‍ക്ക് എന്ന പേരില്‍ ലൈഫ് ഭവന നിര്‍മാണം തുടങ്ങിയത്. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല. ലൈഫ് വീടുകളുടെ മറവില്‍ വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഒരു വീടു പോലും ഇതുവരെ പൂര്‍ത്തിയായില്ല. കൂടാതെ പാതി വഴി നിര്‍മാണം മുടങ്ങിയ വീടുകള്‍ കാടുകയറി കിടക്കുന്നു. സംരക്ഷണം ലഭിക്കാത്തതിനാല്‍ പല വീടുകള്‍ക്കും ബലക്ഷയം ബാധിച്ചു തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ നിര്‍മാണ സമയത്ത് കൃത്യമായ മേല്‍നോട്ടം ഇല്ലാതിരുന്നതിനാല്‍ തോന്നിയ വിധമാണ് പണികള്‍ നടന്നതെന്നും ആരോപണമുണ്ട്. നിര്‍മാണ സാമഗ്രികള്‍ക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലായിരുന്നുവെന്നും ആവശ്യത്തിന് സിമന്റ്, മണല്‍, കമ്പി എന്നിവ ഉപയോഗിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ലൈഫ് ഭവന നിര്‍മാണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് മറ്റൊരു ആരോപണം.
ഗവി നിവസികളുടെ ഇഷ്ടം പരിഗണിക്കാതെയാണ് ലൈഫ് ഭവന പദ്ധതി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ഗവിയില്‍ നിന്നും ശ്രീലങ്കന്‍ വംശജരെ പുനരധിവസിപ്പിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ജീവനോപാധി കണ്ടെത്തി നല്കാനുള്ള യാതൊരു പദ്ധതിയും മുന്‍കൂട്ടി ആവിഷ്‌ക്കരിക്കാന്‍ സീതത്തോട് പഞ്ചായത്ത് ശ്രമിച്ചില്ല.
തൊഴില്‍ ഇല്ലാതെ ഗവിയില്‍ നിന്നും സീതത്തോട്, കോട്ടമണ്‍ പാറ മേഖലയിലേക്ക് താമസം മാറാന്‍ തങ്ങള്‍ തയാറല്ലെന്ന് ഗവിയിലെ കുടുംബങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഗവി നിവസികളായ പതിനാല് പേര്‍ മാത്രമാണ് ലൈഫ് വീടുകള്‍ക്ക് അപേക്ഷിച്ചത്. സത്യത്തില്‍ സീതത്തോട് പഞ്ചായത്ത് അധികൃതര്‍ ഗവി നിവാസികളെ ചതിക്കുകയായിരുന്നു എന്ന ആരോപണം ശക്തമാണ്. ഇടുക്കിയിലെ ഏലത്തോട്ടം മേഖലയിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് വര്‍ഷങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നത്.
വെറും വഗ്ദാനം
ഗവിയ്‌ക്ക് പുറത്തു താമസിക്കാന്‍ ഒരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നല്കാനുള്ള വനംവകുപ്പിന്റെ പാക്കേജ് ഗവി നിവാസികള്‍ അംഗീകരിച്ചതാണ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ തീരുമാനമാകാന്‍ കിടക്കുകയാണ് ഫയല്‍.
ലയത്തില്‍ നരകയാതന
വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഭാരതത്തിലേക്ക് കുടിയേറിയവരില്‍ 192 കുടുംബങ്ങളാണ് ഉള്ളത്. ഗവിയിലെ ലയങ്ങളില്‍ ഇവര്‍ നരകയാതന അനുഭവിക്കുകയാണ്. അര നൂറ്റാണ്ട് പഴക്കമുള്ള ലയങ്ങളുടെ ഭിത്തികള്‍ പിളര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ്. അറ്റകുറ്റപണികളുടെ അഭാവം മൂലം കരിങ്കല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഭിത്തികള്‍ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. മേല്‍ക്കൂരയുടെ പല ഭാഗങ്ങളും പെ ാട്ടി പൊളിഞ്ഞു കിടക്കുന്നു. ഇന്ന് ഗവിയില്‍ 22 ലയങ്ങളും മീനാറില്‍ ഏഴു ലയങ്ങളുമാണുള്ളത്. കൊച്ചുപമ്പ 7, ആനച്ചാല്‍ 5, പമ്പ 8, പതിനാലാം മൈല്‍ 3 എന്നിങ്ങനെയാണ് ലയങ്ങളുടെ കണക്ക്. ഇവിടങ്ങളിലായാണ് ആകെ 192 കുടുംബങ്ങള്‍ പാര്‍ക്കുന്നത്.
കൃത്യം അര നൂറ്റാണ്ട്
1976ലാണ് ശ്രീലങ്കന്‍ വംശജര്‍ ഗവിയിലെത്തിയത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഗവിയില്‍ ഇവര്‍ക്കായി വാസ സ്ഥലങ്ങള്‍ നിര്‍മ്മിച്ചത്. ഗവി ലയങ്ങളില്‍ താമസിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ 96കാരിയായ വള്ളിയമ്മയ്‌ക്ക് അക്കാലത്തെ ചരിത്രം നന്നായി അറിയാം. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെത്തിയ ശ്രീലങ്കന്‍ തമിഴര്‍ ഇടുക്കി വള്ളക്കടവ് വഴി ഗവിയിലെത്തുകയായിരുന്നു. ആ യാത്രയിലുണ്ടായിരുന്ന വള്ളിയമ്മ ഉള്‍പ്പെടെ ഇരുപതോളം ശ്രീലങ്കന്‍ തമിഴരും അവരുടെ തലമുറയുമാണ് ഗവിയിലുള്ളത്.
അക്കാലത്ത് കൊച്ചു പമ്പയില്‍ താമസക്കാര്‍ ഏറെയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്‌സുകളിലും വഴിയോരങ്ങളിലും വൈദ്യുതി വിളക്കുകള്‍ പ്രഭ ചൊരിഞ്ഞിരുന്ന കാലം. കൊല്ലത്തു നിന്നും രാത്രി എട്ടു മണി കഴിഞ്ഞാല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് എത്തും. രാവിലെ 5ന് ബസ് മടങ്ങി പോകും. കൂടാതെ വണ്ടി പെരിയാറില്‍ നിന്നും ബസുകള്‍ എത്തിയിരുന്നു. വള്ളിയമ്മ ഓര്‍ക്കുന്നു.
















