ലണ്ടന്‍: ബ്രിട്ടനില്‍ പരിശീലനം ലഭിച്ച മര്‍ച്ചന്റ് നാവിക ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. കുവൈത്ത് സ്വദേശിയായ അലി അലോസെയ്‌മിയാണ്(28) ഐഎസില്‍ ചേരാനായി ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്നത്. ഇംഗ്ലണ്ടിലെ സൗത്ത് ഷീല്‍ഡ് മറൈന്‍ കോളേജില്‍ നിന്നും മൂന്ന് വര്‍ഷത്തെ മര്‍ച്ചന്റ് നേവി പരിശീലനം ലഭിച്ച അലി 2014 ലാണ് ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോയത്.
ഇ-മെയില്‍ ചോര്‍ത്തിയപ്പോഴാണ് അലോസെയ്‌മിയെ ക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഐഎസില്‍ ചേരുന്നതിനുമുമ്പ് കുവൈത്ത് ഷിപ്പിങ്ങ് കമ്പനിയിലാണ് അലോസെയ്‌മി ജോലി ചെയ്തിരുന്നത്.
മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇയാളെ നാവിക കേന്ദ്രങ്ങളും കപ്പലുകളും ആക്രമിക്കാന്‍ വേണ്ടി ഐഎസ് ഉപയോഗിക്കുമെന്നാണ് സൂചന. അലിയുടെ തിരോധനത്തെ തുടര്‍ന്ന് അമേരിക്ക, ബ്രിട്ടീഷ് നാവികസേന തങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
















