കണ്ണൂര്‍: സേവന സന്നദ്ധമായ മനസ്സ് വിദ്വേഷവും കോപവും ഉന്മൂലനം ചെയ്യുമെന്നും സേവനത്തിനുള്ള ഔപചാരിക വേദിയാണ് എന്‍എസ്എസ് എന്നും വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍. കണ്ണൂര്‍ സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അവതരിപ്പിക്കുന്ന എന്‍എസ്എസ് ഫെസ്റ്റ് സമന്വയ 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് നന്നാകട്ടെ എന്ന എന്‍എസ്എസ് ഗീതം പോലെ കലി കയറുന്ന മനസ്സിനെ കല കൊണ്ട് സാന്ത്വനിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു.
സഹജീവികളുടെ വേദന കാണാന്‍ സാധിക്കാത്ത വിദ്യാഭ്യാസം അതിന്റെ ധര്‍മ്മത്തോടു നീതി പുലര്‍തുകയില്ലെന്നു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ക്ലാരന്‍സ് പാലിയത്ത് അഭിപ്രായപ്പെട്ടു. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകളും വേര്‍തിരിവുകളും മനുഷ്യമനസ്സുകളെ സങ്കുചിതമാക്കുന്ന ഘട്ടത്തില്‍ എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു .
സര്‍വകലാശാലയില്‍ ആദ്യമായാണ് 60 ഓളം യൂനിറ്റിലെ വളണ്ടീയര്‍മാരെ ഉള്‍പെടുത്തി എന്‍എസ്എസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ മത്സരാടിസ്ഥാനത്തില്‍ എന്‍എസ്എസ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് പറഞ്ഞു. എന്‍എസ്എസ് യൂനിറ്റുകളുടെ നേത്രുത്വത്തില്‍ വീടില്ലാത്ത അനേകം പേര്‍ക്ക് സ്‌നേഹവീട് പദ്ധതിയിലൂടെ വീട് വെച്ച് നല്കുന്നുണ്ട്.
ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചു കൊണ്ട് ഇ വേസ്റ്റ് മാനേജ്‌മെന്റ് നടപ്പാക്കുന്നുമുണ്ട്. ഇത്തവണ വിവിധ കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ ഷിപ് ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. ഒട്ടനവധി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കൊല്ലം നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പ്രഭാവതി സംസാരിച്ചു. രാവിലെ 10 മണി മുതല്‍ എന്‍എന്‍എസ് യൂനിറ്റുകളിലെ വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെ കലാ പരിപാടികള്‍ അരങ്ങേറി. കെ.വി.രഞ്ജിത്ത് സ്വാഗതവും മുഹ്‌സീന നന്ദിയും പറഞ്ഞു.
















