പയ്യന്നൂര്‍: പയ്യന്നൂരിലെ പഴയ പോലീസ് സ്‌റ്റേഷനെ പുരാവസ്തുവകുപ്പിനു കീഴില്‍ സംരക്ഷിത സ്മാരകമാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തില്‍ അഖിലകേരള കോല്‍ക്കളി മഹോത്സവം കോല്‍മ 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അനുഷ്ഠാനകലകളും ആയോധനകലകളും നമ്മുടെ നാടിന്റെ അമൂല്യസമ്പത്താണ്. അവയുടെ പ്രശസ്തി കേരളത്തിലും അന്യനാടുകളിലും വ്യാപിപ്പിക്കാനാണ് ഫോക്‌ലോര്‍ അക്കാദമി ശ്രമിക്കുന്നത്. നാടിന്റെ നാടന്‍ കലാസമ്പത്ത് സംരക്ഷിച്ച് തലമുറകള്‍ക്ക് കൈമാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൂരക്കളി അക്കാദമിയും ഈ ദിശയിലുള്ള ചുവടുവയ്‌പാണെന്ന് മന്ത്രി പറഞ്ഞു. പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമരപൈതൃകത്തിന്റെ പ്രതീകമെന്ന നിലയിലാണ് പഴയ പോലീസ് സ്‌റ്റേഷനെ പുരാവസ്തു വകുപ്പിന്റെ സംരക്ഷണ സ്മാരകമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എംപി, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഇ എന്‍ സജിത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍, അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ സ്വാഗതവും പി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
















