ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് നടക്കുന്ന ജൈവോത്സവം 2016 ന്റെ ഉദ്ഘാടനം പരമ്പരാഗത നെല്‍കര്‍ഷകനും മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പജന്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭയുടെയും മലപ്പട്ടം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മലപ്പട്ടം സര്‍വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ആകാശവാണി, മലപ്പട്ടം ടെക്‌നീഷ്യന്‍സ് ആന്റ് ഫാര്‍മേര്‍സ് കോ ഓഡിനേഷന്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജൈവോത്സവം സംഘടിപ്പിക്കുന്നത്.
ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെയും പുഷ്പങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും നടക്കും. ജൈവകൃഷിയും മണ്ണും, മൃഗസംരക്ഷണ മേഖലയിലെ സംരംഭസാധ്യതകള്‍, തേന്‍ സംരക്ഷണവും അനുബന്ധ പരിചരണവും, മത്സ്യകൃഷി മേഖലയും തൊഴില്‍ സാധ്യതകളും, കുടുംബശ്രീ സംരംഭങ്ങളും സഹകരണമേഖലകളും, കൂണ്‍കൃഷി പരിശീലനം എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ജനുവരി 31 വരെയാണ് മേള.
















