തലശ്ശേരി: ഭാരതത്തിന്റെ തലപ്പാവായി കാശ്മീരിനെ വിശേഷിപ്പിക്കാമെങ്കില്‍ കേരളത്തിന്റെ തലപ്പാവായി കാസര്‍കോടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അവിടെ ദുരിതമനുഭവിക്കുന്നവരോട് അനുകമ്പ കാണിക്കണമെന്നും സിനിമാതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലക്കല്‍, മാറാട്, ആറന്‍മുള പോലുള്ള വന്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്‍ ജനപ്രീതി നേടിക്കൊണ്ട് വിജയശ്രീലാളിതനായ കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ നയിക്കുന്ന വിമോചന യാത്രയുടെ ഉദ്ഘാടനവേളയിലും തലശ്ശേരിയിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എല്ലാവര്‍ക്കും തുല്യനീതി നല്‍കുകയെന്ന ലക്ഷ്യവുമായി നടത്തുന്ന ഈ വിമോചനയാത്രക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നതില്‍ അഭിമാനമുണ്ട്. മണ്ണിനെയും പരിസ്ഥിതിയെയും അതിലുപരി പ്രകൃതിയെയും സ്‌നേഹിക്കുന്ന കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയും മറ്റുള്ളവര്‍ നടത്തുന്ന യാത്രകളും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ കൊച്ചു കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചവരെ ഒരു പാഠംപഠിപ്പിക്കാന്‍ ഈ യാത്ര ഒരു തുടക്കമാകട്ടെ എന്നും ചങ്കുറപ്പോടെ ഭാരതത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന നരേന്ദ്രമോദിജിക്ക് കേരളത്തിലെ ജനങ്ങളുടെ പൂര്‍ണ സഹകരണവും പിന്തുണയും ലഭിക്കാന്‍ വിമോചനയാത്ര നായകന്‍ കുമ്മനം രാജശേഖരന് കഴിയുമാറാകട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു.
















