മട്ടന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് നാളെ 11 മണിക്ക് മട്ടന്നൂരില്‍ നല്‍കുന്ന സ്വാകരണ പരിപാടിയുടെ ഭാഗമായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തലശ്ശേരി റോഡ് കനാല്‍ കരഭാഗത്തുനിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ഹരിത-കങ്കുമ പതാകകള്‍കൊണ്ട് അലങ്കരിച്ച നിരവധി ഓട്ടോറിക്ഷകള്‍ പങ്കെടുത്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ടും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സി.വി.വിജയന്‍മാറ്റര്‍, എ.കൃഷ്ണന്‍, പി.രാജന്‍, സി.വി.രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിമോചന യാത്രയെയും യാത്രാ നായകനെയും സ്വീകരിക്കാനായി നിയോജമണ്ഡലത്തിലെ ഗ്രാമങ്ങളും മടന്നൂര്‍ നഗരവും ഒരുങ്ങിക്കഴിഞ്ഞു. നഗരം മുഴുവന്‍ ബിജെപി പതാകകളും തോരണങ്ങളും സ്വീകരണ കമാനങ്ങളും ബോര്‍ഡുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിമോചന യാത്രയെ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ച് തലശ്ശേരി റോഡ് ശിവപുരം റോഡ് ജംഗ്ഷനില്‍നിന്നും നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ മട്ടന്നൂര്‍ നഗരത്തിലേക്ക് ആനിയിക്കും. സ്വീകരണ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളാകും.
















