കോഴിക്കോട്: ചെന്നൈയില്‍ മഴ പ്രളയത്തില്‍ കെടുതികളനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനായി ചിന്മയ യുവകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ മിനി മാരത്തോണ്‍ നടത്തി. ‘ഞാന്‍ ഭാരതത്തിനുവേണ്ടി, ചെന്നൈക്ക് വേണ്ടി ഓടും’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാരത്തോണ്‍.
തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്നാരംഭിച്ച് അരയിടത്ത് പാലം മേല്‍പ്പാലം, മൊഫ്യൂസില്‍ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ്, റെഡ് ക്രോസ് റോഡ് വഴി മാരത്തോണ്‍ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. നൂറുകണക്കിന് യുവാക്കള്‍ മാരത്തോണില്‍ പങ്കെടുത്തു. ചെന്നൈ ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി മിത്രാനന്ദ സരസ്വതി മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കടപ്പുറത്തെ ഓപ്പണ്‍സ്റ്റേജിന് സമീപം നടന്ന സമാപന സമ്മേളനത്തില്‍ സ്വാമി മിത്രാനന്ദ സരസ്വതി, സ്വാമി ചിദ്രൂപാനന്ദ, ബ്രഹ്മചാരി മുകുന്ദ് ചൈതന്യ, അഡ്വ. ശശീന്ദ്രന്‍, കെ. ജയന്ത്കുമാര്‍, ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















