കറുകച്ചാല്‍ ; കറുകച്ചാലില്‍ കളളനോട്ടുകള്‍ വ്യാപകമായി എത്തുന്നു. ബിവറേജസിലാണ് ആദ്യം 500 ന്റെ കളളനോട്ടെത്തിയത്. പിന്നിട് ഇവിടെ തന്നെ 100ന്റെ കളളനോട്ടും എത്തി. അടിക്കടി കളളനോട്ടുകള്‍ കറുകച്ചാലില്‍ എത്തുന്നതിനാല്‍ കളളനോട്ടു സംഘങ്ങള്‍ മേഖലയില്‍ വേരുറപ്പിച്ചതായിട്ടാണു സൂചന. കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്ന 500 ന്റെ കളളനോട്ടുകളാണ് ഇവിടെയെത്തിയത്. പരിശോധനയില്‍ മാത്രമേ വ്യാജനെ തിരിച്ചറിയുവാന്‍ കഴിയുകയുള്ളു. കളളനോട്ടുമായി എത്തിയ തമിഴ്‌നാട് സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെങ്കിലും അന്വേഷണത്തില്‍ ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല . രണ്ടു വര്‍ഷം മുമ്പ് അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തു നിന്നും കളളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.
















