മണ്ണാര്‍ക്കാട്: കൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും കൃഷിപ്പണികള്‍ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് നിര്‍മിത ബുദ്ധി(എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക റോബോട്ട് വികസിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് റിഷാദാണ് രണ്ട് വര്‍ഷ പരിശ്രമത്തിലൂടെ കൃഷിപ്പണികള്‍ക്കായി സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ട് മാതൃക വികസിപ്പിച്ചത്. 15,000 രൂപ ചെലവിലാണ് നിര്‍മാണം.
സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള യുവ നൂതനാശയ പരിപാടിയിലാണ് റിഷാദ് കണ്ടുപിടിത്തം അവതരിപ്പിച്ചത്. കൃഷിയിടങ്ങളിലെ തൊഴിലാളി ക്ഷാമം, കൃഷിപ്പണികള്‍ക്കുള്ള അമിത അധ്വാനം, വളം, വെള്ളം തുടങ്ങിയ വിഭവങ്ങളുടെ പാഴാക്കല്‍ എന്നിവ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കുകയാണ് ലക്ഷ്യം.
നിര്‍മിത ബുദ്ധി സഹായത്തോടെ കൃഷിയിടത്തിലെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവിധ പണികള്‍ സ്വയം ചെയ്യാന്‍ റോബോട്ടിന് കഴിയും. കളപറിക്കല്‍, മണ്ണിലെ ഈര്‍പ്പവും പോഷകഘടകങ്ങളും പരിശോധിക്കല്‍, ആവശ്യമായ അളവില്‍ വളം ചേര്‍ക്കല്‍ തുടങ്ങിയവയ്‌ക്കായി മാറ്റി സ്ഥാപിക്കാവുന്ന ഉപകരണങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. കൃഷിയിടങ്ങളിലൂടെ സഞ്ചരിക്കാനാകുന്ന ചക്രസംവിധാനവും ചുറ്റുപാടുകള്‍ തിരിച്ചറിയാനുള്ള ലേസര്‍ അധിഷ്ഠിത സാങ്കേതികവിദ്യയും റോബോട്ടിലുണ്ട്.
ചെറിയ കമ്പ്യൂട്ടര്‍ സഹായത്തോടെ നിര്‍മിത ബുദ്ധി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. കൃഷിപ്പണികള്‍ യന്ത്രവത്കരിക്കുന്നതിലൂടെ കര്‍ഷകരുടെ അധ്വാനം കുറയ്‌ക്കാനും കൃഷി കൂടുതല്‍ ആധുനികമാക്കാനും കഴിയുമെന്നാണ് റിഷാദിന്റെ പ്രതീക്ഷ. ഒരു വിദ്യാര്‍ത്ഥി ഒറ്റയ്‌ക്ക് രണ്ട് വര്‍ഷംകൊണ്ട് വികസിപ്പിച്ച മാതൃക കൃഷിയും സാങ്കേതികവിദ്യയും കൈകോര്‍ക്കുന്ന പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.


















