മണ്ണാര്‍ക്കാട്: പകല്‍ സൗരോര്‍ജം സംഭരിച്ച് രാത്രി വൈദ്യുതിയാക്കാം
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി സഞ്ചരിക്കുന്ന പവ്വര്‍ ബാങ്കുകള്‍ ആക്കാം എന്നാശയവുമായി തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറത്തിലെ ജിവി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അബ്ദുള്‍ അസീസ് റഹ്മാനും ജാഫര്‍ റഹ്മാനും. വൈദ്യുതി ആവശ്യകതയ്ക്കും വൈകുന്നേരങ്ങളിലെ പീക്ക് സമയത്തെ വൈദ്യുതിപ്രതിസന്ധിക്കും നൂതന പരിഹാരമെന്ന ആശയവുമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ‘പവര്‍ ഓണ്‍ വീല്‍സ്’.
പുനരുപയോഗ ഊര്‍ജവും പൊതുഗതാഗതസംവിധാനവും സംയോജിപ്പിച്ച് വൈദ്യുതി സംഭരണത്തിനും വിതരണത്തിനും പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പകല്‍ സമയത്ത് വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴിഉത്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി പലപ്പോഴും ഗ്രിഡിലേക്ക്കൈമാറുകയാണ് ചെയ്യുന്നത്. ഈ അധിക ഊര്‍ജം ഫലപ്രദമായി സംഭരിച്ച് ആവശ്യകതകൂടുന്ന സമയത്ത് ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ആശയം. ഇതിനായി കെഎസ്ആര്‍ടിസി ബസുകളില്‍ പ്രത്യേക ബാറ്ററി എനര്‍ജി സ്റ്റോറേജ്സംവിധാനം (ബിഇഎസ്എസ്) സ്ഥാപിച്ച് അവയെ സഞ്ചരിക്കുന്ന ഊര്ജസംഭരണകേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വൈദ്യുതി ആവശ്യകത നിയന്ത്രിക്കുക, പുതിയ ബാറ്ററി സംഭരണശേഷി സൃഷ്ടിക്കുക,പൊതുഗതാഗത സംവിധാനത്തെ ഊര്‍ജമേഖലയുമായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

















