കോട്ടയം: പാമ്പാടിയില്‍ സ്വകാര്യബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ അഷ്ലി ആന്‍ തോമസ് (25), പാമ്പാടി പൊത്തന്‍പുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ (ബ്ലോസം വാലി ഡയറക്ടര്‍) മകള്‍ കൃപ (25) എന്നിവരാണ് മരിച്ചത്.
സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് വേഗത കുറച്ചപ്പോള്‍ പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിടുകയും എതിര്‍ദിശയില്‍ വന്ന ബസ്‌സിന്‌റെ പിന്‍ചക്രങ്ങള്‍ക്കടിയിലേക്ക് യുവതികള്‍ മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് വ്യക്തമാക്കുന്നു.
ദേശീയപാത 183 -ല്‍ പാമ്പാടി പതിമൂന്നാം മൈലില്‍ രാവിലെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
റോഡരികില്‍ സംസാരിച്ചു നിന്നവരെ ഇടിക്കാതിരിക്കാനാണ് കാര്‍ വേഗത കുറച്ചതെന്നും അറിയുന്നു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ‘സിഎംഎസ്’ ബസിന്റെ അടിയില്‍ പെട്ടാണ് മരണം സംഭവിച്ചത്.
കൃപ ഓസ്‌ട്രേലിയയില്‍ എംഎസ്ഡബ്ലിയു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം വീണ്ടും ഉപരിപഠനത്തിന് പോകാനിരിക്കുകയായിരുന്നു.
ആഷ്ലിയും ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
















