ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ ആശുതോഷ് റങ്കയെയും സൗരവ് ദാസിനെയും വിമർശിച്ച് ഡൽഹി ഹൈക്കോടതി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡി നീട്ടിയ മജിസ്ട്രേറ്റ് ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. വിദ്യാർഥി പ്രതിഷേധങ്ങൾ വിദേശരാജ്യങ്ങളിൽ അക്രമത്തിലേക്കും തീവയ്‌പ്പിലേക്കും വഴിമാറിയ സംഭവങ്ങളും കോടതി പരാമർശിച്ചു.
ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവരും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർക്ക് പിന്നാലെ എത്തുന്ന എല്ലാവരെയും നിയന്ത്രിക്കാനാകണമെന്നില്ലെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. മറ്റു രാജ്യങ്ങളിൽ വിദ്യാർഥി പ്രതിഷേധങ്ങൾ കെട്ടിടങ്ങൾ കത്തിക്കുന്നതടക്കമുള്ള അക്രമസംഭവങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ആദ്യത്തെ അറസ്റ്റിന് പിന്നാലെ സമാധാനം പാലിക്കാമെന്ന ഉറപ്പിൽ 50,000 രൂപയുടെ ബോണ്ട് നൽകിയ നേതാക്കൾ അത് ലംഘിച്ചെന്ന ആരോപണവും കോടതി ഉന്നയിച്ചു. ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചാൽ കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്താൻ അധികാരികൾക്ക് അവകാശമില്ലേയെന്നും കോടതി ചോദിച്ചു.നേതാക്കളുടെ പ്രായം ചോദിച്ച കോടതി, റങ്കയ്‌ക്ക് 27ഉം ദാസിന് 31ഉം വയസ്സാണെന്ന് അറിഞ്ഞതോടെ ഇരുവരും ജെൻ സി വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന് നിരീക്ഷിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധമെന്ന നിലയിൽ തുടങ്ങിയ നീക്കത്തിന്റെ ലക്ഷ്യം ഇപ്പോൾ മാറിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. സമാധാന ലംഘനത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോൾ വ്യക്തിയുടെ തിരിച്ചറിയൽ, ഉദ്ദേശ്യം, പ്രവർത്തനങ്ങൾ, സംഘടനയുമായുള്ള ബന്ധം എന്നിവ പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വൈകിട്ടോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനിരിക്കുന്നതിനാൽ അതുവരെ കാത്തിരിക്കാമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് നേതാക്കളുടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു.
ഒക്ടോബർ 10ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ആശുതോഷ് റങ്ക, സൗരവ് ദാസ്, അഭിജീത് ദിപ്‌കെ എന്നിവരെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാനെത്തിയതിനിടെ കസ്റ്റഡിയിലെടുത്തിരുന്നു. അന്നുതന്നെ സമാധാന ബോണ്ട് നൽകിയതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. എന്നാൽ ഒക്ടോബർ 14ന് ജന്തർ മന്തറിൽ തിരംഗ പ്രതിഷേധം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് റങ്കയെയും ദാസിനെയും വീണ്ടും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി നീട്ടിയ മജിസ്ട്രേറ്റിന്റെ ഒക്ടോബർ 19ലെ ഉത്തരവിനെതിരെയാണ്
ഹൈക്കോടതിയെ സമീപിച്ചത്.
















