റോം: അക്രമസ്വഭാവമുള്ള പ്രക്ഷോഭങ്ങളെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായതോടെ കർശന സുരക്ഷാ നടപടികളും നിയമങ്ങളും പ്രഖ്യാപിച്ച് ഇറ്റാലിയൻ സർക്കാർ. പ്രക്ഷോഭങ്ങളിൽ പ്രായപൂർത്തിയാകാത്ത യുവാക്കളും കൗമാരക്കാരും വൻതോതിൽ അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചത്.മിലാനിൽ നടന്ന അക്രമങ്ങളിൽ 100-ലധികം പോലീസുകാർക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായ 50-ഓളം പേരിൽ 30-ലധികം പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
വർദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം അവസാനത്തോടെ 500 അധിക സൈനികരെ മിലാനിൽ വിന്യസിക്കും. പ്രക്ഷോഭങ്ങൾക്കിടെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് പ്രക്ഷോഭകാരികളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കും. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തം മാതാപിതാക്കൾ വഹിക്കേണ്ടിവരുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രതിഷേധങ്ങളിൽ അക്രമസ്വഭാവത്തോടെ പങ്കാളികളാകുന്നത് അഞ്ച് വർഷം വരെ തടവും 20,000 യൂറോ വരെ പിഴയും ലഭിക്കാവുന്ന പുതിയ കുറ്റകൃത്യമായി നിയമത്തിൽ ഉൾപ്പെടുത്തി. മുഖം മൂടിയോ ആളുകൾക്ക് പരിക്കേൽപ്പിച്ചോ നടത്തുന്ന ആക്രമണങ്ങൾക്ക് ശിക്ഷാകാലാവധി ഇനിയും ഉയരും. കൂടാതെ, 14 വയസ്സിന് മുകളിലുള്ളവർക്ക് സ്വന്തം പ്രവൃത്തികളെക്കുറിച്ച് ബോധ്യമുണ്ടെന്ന നിയമപരമായ അനുമാനം നൽകാനും പ്രായപൂർത്തിയാകാത്തവർക്കായുള്ള തടവറകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി.
















