ന്യൂദല്‍ഹി : മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീല്‍ നല്‍കി തീരുമാനമെടുക്കും വരെ ഒരാഴ്ചത്തേക്കാണ് വിജിലന്‍സ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തത്. ഒരു ദിവസം കൊണ്ട് എഫ്‌ഐആര്‍ ഇട്ടു. ഇത്ര അടിയന്തര പ്രാധാന്യം എന്താണെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സുപ്രീം കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. കേസുമായി വിജിലന്‍സിന് മുന്നോട്ട് പോകാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ നിര്‍ദേശിച്ചു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ചത്.
വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, മകള്‍ ടി വീണ,ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മൊഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ നേരത്തെ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്.മുതിര്‍ന്ന രാഷ്‌ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാല്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
















