വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സൗദി അറേബ്യ സ്വീകരിക്കണമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജോർജിയയിലെ റാലിക്ക് മുന്നോടിയായി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സൗദിക്ക് ഇസ്രായേൽ നൽകുന്ന പിന്തുണ ഏറെ സഹായകരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാനുള്ള 2020-ലെ ‘എബ്രഹാം അക്കോർഡ്സ്’ കരാറിൽ സൗദി അറേബ്യ ഭാഗമാകാനുള്ള സാധ്യത ഇപ്പോൾ കൂടുതലാണെന്നും ട്രംപ് പറഞ്ഞു.പശ്ചിമേഷ്യയിൽ തങ്ങളുടെ സഹായം തേടാത്ത രാജ്യങ്ങൾ വളരെ ചുരുക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുൻപ് ഇസ്രായേലും സൗദിയും കരാറിനോട് അടുത്തിരുന്നെങ്കിലും, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള വ്യക്തമായ നടപടികൾ സ്വീകരിക്കാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദിയുടെ നിലപാട്.അതേസമയം, സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ആവശ്യപ്പെട്ടാൽ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനും സംഘർഷം അവസാനിപ്പിക്കാനും ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി അറിയിച്ചു.
















