കൊല്ലം: നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റ് പരിക്ക്. ഇരുവരുടെയും ശരീരത്ത് കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്തിൽ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിമിന്നലിന്റെ ആഘാതത്തിൽ ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും, ഇലക്ട്രിക് വയറുകൾ കത്തിപ്പോവുകയും ചെയ്തതായാണ് വിവരം. മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഈ സമയത്താണ് അപകടം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് രരണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു.
അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു. അവിടെ വച്ചാണ് അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റത്. ഇരുവരുടെയും നിലവിളി കേട്ടാണ് മറ്റുള്ളവർ അടുക്കളയിലേക്ക് ഓടിയെത്തിയത്. ഇവിടെ എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ടാണ് അയൽവാസികളും ഓടിയെത്തിയത്.
ഉടൻ തന്നെ ഇരുവരെയും നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് ശക്തമായ മഴയുണ്ടായിരുന്നു. കുറച്ച് നാൾ മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നതായി പ്രദേശവാസികൾ പറയുന്നു.
















