മുംബായ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുംബായില്‍ നടന്ന പ്രകടനങ്ങളിലെ പോലീസ് നടപടികള്‍ ചോദ്യം ചെയ്തും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. പ്രതിഷേധക്കാരെ മേലില്‍ കസ്റ്റഡിയിലെടുക്കരുതെന്ന് നിര്‍ദേശിച്ച് ഒരു പൊതു ഉത്തരവു പുറപ്പെടുവിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്‌നയും അടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. സര്‍ക്കാര്‍ അഭിഭാഷകന്‍ മനീഷ് ഉപാധ്യേ സര്‍ക്കാരിന്‌റെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കാന്‍ സമയം തേടിയതിനെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കസ്റ്റഡിയിലെടുത്ത ആളുകളെ വിട്ടയക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി വഴങ്ങിയില്ല.
ആഗസ്റ്റ് ക്രാന്തി മൈതാനത്തും ശിവാജി പാര്‍ക്കിലും നടന്ന ഏറ്റുമുട്ടലുകളെ ചോദ്യം ചെയ്ത് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സാഗര്‍ കാന്തിലാല്‍ ദേവ്രെയാണ് ഹര്‍ജി സമര്‍പ്പിച്ചത്
















