തിരുവനന്തപുരം: കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളില്‍ നിയമാനുസൃതമായ അന്വേഷണം ഉറപ്പാക്കുകയും കാലതാമസമില്ലാതെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നതിനാല്‍, അതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം.
സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തേണ്ട സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ തന്നെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നത് ഗൗരവമായ ധാര്‍മിക പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം.
നിയമത്തിന് ആരും അതീതരല്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും സുതാര്യമായ അന്വേഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നും അഡ്വ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
















