തിരുവനന്തപുരം: രാജ്യത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയാണെങ്കില്‍ കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി. ഗോപകുമാര്‍ എം എല്‍ എ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ സഭയ്‌ക്ക് അകത്തും പുറത്തും ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും ബി ബി ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടതാണെന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളും പാര്‍ലമെന്റും പിരിച്ചുവിടണമെന്നുമുള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിലപാട് ഗൗരവമുള്ളതാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പും ഈ ആരോപണത്തിന്റെ പരിധിയില്‍ വരും. കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് യു ഡി എഫ് ഭൂരിപക്ഷം നേടിയതെന്ന വാദം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉയര്‍ത്തുന്നുണ്ടെങ്കില്‍ അതിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
എസ് ഐ ആര്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷമാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ പ്രക്രിയയ്‌ക്കിടയിലോ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നില്ല. കേരളത്തില്‍ എസ് ഐ ആര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുകള്‍ വെട്ടിനിരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിക്കുന്നത്. ഈ ആരോപണങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
എസ് ഐ ആറിനെതിരെ ദല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ അപമാനിതനാകുകയാണ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ നാണക്കേട് മറയ്‌ക്കാനാണ് കോണ്‍ഗ്രസ് എസ് ഐ ആറിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എസ് ഐ ആര്‍ പ്രക്രിയയിലൂടെ കടന്നുപോയ കേരളത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് വ്യക്തമായറിയാം. സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ വിഷയങ്ങളില്ലാത്തതിനാലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യമിടുന്നതെന്നും ബി ബി ഗോപകുമാര്‍ കത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ആരോപണങ്ങള്‍ ശരിയാണെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ നിലപാട് അറിയിക്കണമെന്നും കത്തില്‍ ബി ബി ഗോപകുമാര്‍ ആവശ്യപ്പെട്ടു
















