തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി, അതേ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ നിയമസാധുതയെക്കുറിച്ചും നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എസ്.ഐ.ആർ ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടാണ് കോൺഗ്രസിന് വിജയം നേടാനായതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെയാണ് പറഞ്ഞത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെ എസ്.ഐ.ആറിലൂടെ കള്ളവോട്ട് തടയാൻ കഴിഞ്ഞതാണ് യു.ഡി.എഫിന്റെ വിജയത്തിന് കാരണമായതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് നടത്തിയ ഈ വാദവും ഇപ്പോൾ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധവും തമ്മിലുള്ള വൈരുധ്യം രാഹുൽ ഗാന്ധി വിശദീകരിക്കണം.
എസ്.ഐ.ആർ ശരിയായതിനാലാണ് കേരളത്തിൽ കോൺഗ്രസ് വിജയിച്ചതെങ്കിൽ ഇപ്പോൾ അതേ എസ്.ഐ.ആർ എങ്ങനെ ജനാധിപത്യവിരുദ്ധമാകുന്നു? ചില തിരഞ്ഞെടുപ്പുകൾ അംഗീകരിക്കുകയും ചില തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത മാത്രം ചോദ്യം ചെയ്യുകയും ചെയ്യുന്നതിന്റെ യുക്തി കോൺഗ്രസ് വ്യക്തമാക്കണം.
തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ അതിലൂടെ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സർക്കാരിൻറെ സാധുതയും കോൺഗ്രസ് ചോദ്യം ചെയ്യേണ്ടിവരും. ഈ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി പറയണം.
രാഹുൽ ഗാന്ധി ആദ്യം ചെയ്യേണ്ടത് വി.ഡി. സതീശനോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി ഡൽഹിയിൽ സമരം ചെയ്യുകയാണെങ്കിൽ അതിനോട് ആത്മാർത്ഥതയുണ്ടെന്ന് തെളിയിക്കേണ്ടത് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടാണ്. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച അധികാരം ഉപയോഗിച്ചുകൊണ്ട് അതേ തിരഞ്ഞെടുപ്പ് സംവിധാനത്തെ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണ്.
കഴിഞ്ഞ ദിവസങ്ങളായി ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമായി മാറിയിരിക്കുകയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് തന്നെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. എല്ലാ തിരഞ്ഞെടുപ്പുകളെയും ഒരേ മാനദണ്ഡത്തിൽ കാണുന്നതിന് പകരം രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് ചില തിരഞ്ഞെടുപ്പുകൾ മാത്രം ചോദ്യം ചെയ്യുന്നത് അപഹാസ്യമാണ്.
കോൺഗ്രസ് 2014 മുതൽ രാജ്യത്തെ വിവിധ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി തന്നെ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നത് അപകടകരമാണ്.
അതേസമയം, കേരളത്തിൽ അധികാരത്തിലെത്തിയിട്ട് നാല് മാസം പൂർത്തിയാക്കുന്ന വി.ഡി. സതീശൻ സർക്കാർ പിണറായി വിജയൻ സർക്കാരിന്റെ അതേ ഭരണരീതിയുടെ ആവർത്തനമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശൻ ഉയർത്തിയ പല വിമർശനങ്ങളും മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം തന്നെ വിഴുങ്ങുകയാണ്.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതിനെ മുൻപ് എതിർത്ത സതീശൻ ഇപ്പോൾ അതേ നടപടി സ്വീകരിച്ചു. മുൻ സർക്കാർ ഡൽഹിയിൽ പ്രതിനിധിയെ നിയമിച്ചപ്പോൾ “പിന്നെ എം.പിമാർക്ക് എന്താണ് ജോലി?” എന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രിയായപ്പോൾ ഡൽഹിയിൽ സർക്കാർ പ്രതിനിധിയെ നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ യു.ഡി.എഫ് എം.പിമാർക്ക് എന്താണ് ജോലി എന്ന് സതീശൻ തന്നെ വ്യക്തമാക്കണം.
യു.ഡി.എഫ് കൺവീനറോട് പോലും ആലോചിക്കാതെ ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നാല് മാസം കൊണ്ട് അഴിമതിയും ധൂർത്തും സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
പിണറായി വിജയൻ സർക്കാരിനെതിരെ പത്ത് വർഷം കോൺഗ്രസ് ഉന്നയിച്ച കുറ്റപത്രത്തിന്റെ ആവർത്തനമാണ് വി.ഡി. സതീശൻ സർക്കാരിന്റെ നാല് മാസത്തെ ഭരണം . പുതുയുഗം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ യു.ഡി.എഫ് കേരളത്തിന് നൽകുന്നത് പഴയ പരാജയഭരണത്തിന്റെ മറ്റൊരു പതിപ്പാണ്.
കേരളത്തിന് എന്ത് കിട്ടി എന്ന ചോദ്യത്തിന് സതീശൻ സർക്കാരിന്റെ നാല് മാസത്തെ മറുപടി ‘അപകട രാഷ്‌ട്രീയം’ മാത്രമാണെന്നും .ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
















