കോട്ടയം: കുമരകം കണ്ണടച്ചാല്‍ കാവില്‍ ഗുരുനാഥപുരം ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി റെജുല്‍ മൊല്ലെ (44) ആണ് അറസ്റ്റിലായത്.
പകല്‍ ആക്രി പെറുക്കുന്നതിനായി മുച്ചക്ര വാഹനത്തില്‍ കറങ്ങി നടന്നു സ്ഥലങ്ങള്‍ കണ്ടു വച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത്.
കുമരകം സിഐ പ്രസാദ് എബ്രഹാം വര്‍ഗീസിന്‌റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
















