ന്യൂദൽഹി: ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണത്തലവനായി തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോളതലത്തിൽ പ്രശംസയും അഭിനന്ദന പ്രവാഹവുമുണ്ടായി. ഇന്ത്യയുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും അന്താരാഷ്‌ട്ര സമൂഹത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിലും അദ്ദേഹം കൈവരിച്ച നേട്ടങ്ങളെ ജപ്പാൻ, ഭൂട്ടാൻ, ഡൊമിനിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ലോകനേതാക്കൾ ആദരവോടെ അനുസ്മരിച്ചു.
മോദിയുടെ രാഷ്‌ട്രീയ നേതൃപാടവത്തെയും ഇന്ത്യയുടെ വികസനത്തിനായുള്ള സംഭാവനകളെയും ആഗോള നേതാക്കൾ പ്രശംസിച്ചു. ഇന്ത്യയുടെ വളർച്ചയിൽ മോദി വഹിച്ച പങ്കിനെയും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും ലോകനേതാക്കൾ എടുത്തുപറഞ്ഞു.
2001 ഒക്ടോബർ 7-നാണ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2014 മെയ് മാസത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അതിനുശേഷം തുടർച്ചയായി മൂന്ന് തവണ കേന്ദ്രസർക്കാരിനെ നയിച്ച അദ്ദേഹം, ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും അന്താരാഷ്‌ട്ര സമൂഹത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിലും മോദി കൈവരിച്ച നേട്ടങ്ങളെ ആദരവോടെ സ്മരിക്കുന്നുവെന്ന് ജപ്പാൻ പ്രധാനമന്ത്രി സനയ തകൈച്ചി എക്സിൽ കുറിച്ചു.
മോദിയെ വിഷ്ണുവിന്റെ അവതാരം എന്നും ജ്യേഷ്ഠസഹോദരൻ എന്നും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ വിശേഷിപ്പിച്ചു. ഡൊമിനിക്കയോട് നിങ്ങൾ കാണിച്ച സൗഹൃദത്തിനും ഞങ്ങളുടെ ജനങ്ങളോട് പ്രകടിപ്പിച്ച ഉദാരതയ്‌ക്കും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഞാൻ വിലമതിക്കുകയും, വരും വർഷങ്ങളിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്കെറിറ്റ് ആശംസിച്ചു.
















