2019 ജൂലൈ 27-ന് ദല്‍ഹിയില്‍ വെച്ച് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അതിന് പത്ത് മാസം മുന്‍പ് ഭൂട്ടാനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി പരാജയപ്പെട്ടു; പാര്‍ലമെന്റില്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. തികച്ചും ഒരു സാധാരണ പൗരനെന്ന നിലയിലാണ് ഞാന്‍ അന്ന് പ്രധാനമന്ത്രി മോദിയെ കണ്ടത്.
ഞാന്‍ ഭരണത്തിലിരുന്ന വര്‍ഷങ്ങളില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞു. അദ്ദേഹം എപ്പോഴും എന്റെ ജ്യേഷ്ഠ സഹോദരനായിരിക്കുമെന്നും പറഞ്ഞു. ഒരു ജ്യേഷ്ഠന്‍ അനുജനോട് പുലര്‍ത്തുന്ന സ്‌നേഹവാത്സല്യങ്ങളോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്.
തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തോട് മറ്റൊരു കാര്യം കൂടി പറഞ്ഞു: ഞാന്‍ അദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാരമായാണ് കാണുന്നത്. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ പ്രബുദ്ധ ഭരണാധികാരികളെ പണ്ടുമുതലേ അത്തരത്തിലാണ് കരുതിപ്പോരുന്നതെന്നും ഞാന്‍ വിശദീകരിച്ചു.
എന്റെ വാക്കുകള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തി. പിന്നീട്, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചിന്തിച്ചു. ഞാന്‍ വികാരഭരിതനായതാണോ? എനിക്ക് തെറ്റുപറ്റിയതാണോ?
എന്നാല്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ഉത്തരം വ്യക്തമായി. പ്രധാനമന്ത്രി മോദിയെ വിഷ്ണുവിന്റെ അവതാരമായി കണ്ടതില്‍ എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഏകദേശം 13 വര്‍ഷം അദ്ദേഹം ഗുജറാത്ത് ഭരിക്കുന്നത് ഞാന്‍ കണ്ടിരുന്നു; വളര്‍ച്ചയിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപത്തിലും പദ്ധതി നിര്‍വ്വഹണത്തിലുമെല്ലാം ആ സംസ്ഥാനം രാജ്യത്തിന് മാതൃകയായി. തുടര്‍ന്ന് വികസന സ്വപ്‌നങ്ങള്‍ ഭാരതമെന്ന വലിയ തലത്തിലേക്ക് അദ്ദേഹം വ്യാപിപ്പിക്കുന്നതും കണ്ടു. ഉല്പാദനം, വിദേശ നിക്ഷേപം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ശുചിത്വം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കരുത്തേകിയത് ജനസേവനത്തിനും പദ്ധതിനിര്‍വഹണത്തിനും നല്‍കിയ വിട്ടുവീഴ്ചയില്ലാത്ത മുന്‍ഗണനയാണ്.
അദ്ദേഹത്തിലെ ജനസേവകനെയും ഞാന്‍ വീക്ഷിച്ചു; അച്ചടക്കവും ഊര്‍ജസ്വലതയും അസാധാരണ കഠിനാധ്വാനവും കൈമുതലാക്കിയ നേതാവ്. സ്വന്തം രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിലെ അചഞ്ചലമായ അര്‍പ്പണബോധമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. എന്നാല്‍ അതിലെല്ലാമുപരി ഭാരതീയരില്‍ ആത്മവിശ്വാസവും സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യവും അദ്ദേഹം ഉണര്‍ത്തി. രാജ്യത്തെ പൗരന്മാര്‍ ഭാരതത്തെക്കുറിച്ച് കൂടുതല്‍ അഭിമാനമുള്ളവരും രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരും ലോകത്ത് ഭാരതത്തിന്റെ സ്ഥാനത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരുമായി മാറി.
എന്നെ സംബന്ധിച്ചിടത്തോളം പ്രബുദ്ധനായ ഒരു ഭരണാധികാരിയുടെ ഗുണങ്ങളായിരുന്നു ഇവയെല്ലാം. ഭൂട്ടാന്റെ ബുദ്ധമത പാരമ്പര്യത്തില്‍ എല്ലാ ജീവജാലങ്ങളുടെയും വിമോചനത്തിനായി സ്വയം സമര്‍പ്പിച്ച ബോധിസത്വന്മാരുടെ ത്രിമൂര്‍ത്തികളായ ‘റിഗ്‌സും ഗോണ്‍പോ’യെ ഞങ്ങള്‍ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. മഞ്ജുശ്രീ ജ്ഞാനത്തെയും, അവലോകിതേശ്വരന്‍ കാരുണ്യത്തെയും, വജ്രപാണി ധൈര്യത്തെയും പ്രതിനിധീകരിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പ്രബുദ്ധ നേതൃത്വമെന്നത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയുള്ള ജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രയോഗമാണ്. ഇന്ന് പ്രധാനമന്ത്രി മോദിയുടെ ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാടില്‍ ഈ ഗുണങ്ങള്‍ ഒത്തുചേരുന്നത് ഞാന്‍ കാണുന്നു. മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് ജ്ഞാനം ആരംഭിക്കുന്നത്. പ്രധാനമന്ത്രി മോദി അങ്ങനെയൊരു കാഴ്ചപ്പാട് ഭാരതത്തിന് നല്‍കിയിട്ടുണ്ട്; സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ടിന് ശേഷം 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുകയെന്ന ലക്ഷ്യം. വികസിത ഭാരതമെന്ന സങ്കല്പത്തിലൂടെ ആ കാഴ്ചപ്പാടിന് അദ്ദേഹം ഒരു പേരും സമയപരിധിയും നല്‍കി ദേശീയ ദൗത്യമാക്കി മാറ്റിയിരിക്കുന്നു.
മറ്റുള്ളവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും തിരിച്ചറിയുന്നതിലാണ് കാരുണ്യം ആരംഭിക്കുന്നത്. വികസിത ഭാരതം കൃത്യമായി പ്രതിഫലിപ്പിക്കുന്നതും അതുതന്നെയാണ്. ശക്തവും സമൃദ്ധവും വികസിതവുമായ രാജ്യത്തിനായി 140 കോടി ഭാരതീയര്‍ പുലര്‍ത്തുന്ന കൂട്ടായ അഭിലാഷമാണത്. ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന ആശയം ആ സ്വപ്‌നത്തെ ഉള്‍ക്കൊള്ളുന്നു – എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം.
കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് ധൈര്യം ആരംഭിക്കുന്നത്. മാനവവിഭവശേഷി കെട്ടിപ്പടുക്കാനും നിക്ഷേപം ആകര്‍ഷിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കാനും എല്ലാറ്റിനുമുപരി ഭരണനിര്‍വഹണം മെച്ചപ്പെടുത്താനും കഠിനമായ തീരുമാനങ്ങളും സുസ്ഥിരമായ ദൗത്യ നിര്‍വഹണവും അനിവാര്യമാണ്. കാഴ്ചപ്പാടുകള്‍ക്ക് രൂപംനല്‍കാന്‍ എളുപ്പമാണ്; എന്നാല്‍ പരിവര്‍ത്തനം അങ്ങനെയല്ല.
ഈ ഗുണങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്നത് നിസ്വാര്‍ത്ഥ സേവനമാണ്. വികസിത ഭാരതമെന്നത് കേവലം ഒരു നേതാവുമായോ തെരഞ്ഞെടുപ്പ് ഘട്ടവുമായോ ബന്ധപ്പെട്ടതല്ല. മറിച്ച്, ഈ തലമുറയുമായും വരാനിരിക്കുന്ന തലമുറകളുമായും ബന്ധപ്പെട്ടതാണ്. ‘സബ്കാ പ്രയാസ്’ എന്നതിലൂടെ ഈ ദൗത്യത്തെ കേവലം പിന്തുണയ്‌ക്കുന്നതിലുപരി അത് സാക്ഷാത്കരിക്കുന്നതില്‍ പങ്കാളികളാകാനും പ്രധാനമന്ത്രി മോദി ഓരോ ഭാരതീയനോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഏറ്റവും നിര്‍ണായകമായ നേട്ടങ്ങളിലൊന്നാണത്. ഭാരതത്തിന് ഒരു ലക്ഷ്യം നല്‍കിയതിനപ്പുറം ആ കാഴ്ചപ്പാടില്‍ അടിയുറച്ച് വിശ്വസിക്കാനും അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും അദ്ദേഹം ഭാരതീയര്‍ക്ക് പ്രചോദനം പകര്‍ന്നു.
വികസിത ഭാരതമെന്ന കാഴ്ചപ്പാടിന് രാജ്യത്തിന് പുറത്തും പ്രാധാന്യമുണ്ട്. രാജ്യാന്തര ഇടപെടലുകളില്‍ പ്രധാനമന്ത്രി മോദി ഭാരതത്തിന്റെ അയല്‍രാജ്യങ്ങള്‍ക്ക് നിരന്തരം പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രങ്ങളുടെ താല്പര്യങ്ങള്‍ക്കായി അദ്ദേഹം നിലകൊണ്ടു; ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടികള്‍ വിളിച്ചുകൂട്ടുകയും ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ സ്ഥിരാംഗമാക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ക്ക് നേതൃത്വവും നല്‍കി. ഭാരതം കൂടുതല്‍ ശക്തി പ്രാ
പിക്കുന്തോറും രാജ്യത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. വികസിത ഭാരതം വലിയൊരു വിപണി വാഗ്ദാനം ചെയ്യും; പങ്കിടാന്‍ കൂടുതല്‍ മൂലധനവും സാങ്കേതികവിദ്യയും കൈമുതലാക്കും. ഒപ്പം ഈ മേഖലയുടെയും ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രങ്ങളുടെയും താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യും.
എന്നെ സംബന്ധിച്ചിടത്തോളം ഇതിന് വ്യക്തിപരമായ തലംകൂടിയുണ്ട്. വികസിത ഭാരതമെന്നാല്‍ വികസിത ഭൂട്ടാന്‍ എന്നാണ്. 2014 ജൂണില്‍ പ്രധാനമന്ത്രിയായി ഏതാനും ആഴ്ചകള്‍ക്കകം തന്നെ പ്രധാനമന്ത്രി മോദി ആദ്യ വിദേശ സന്ദര്‍ശനത്തിന് ഭൂട്ടാനെ തെരഞ്ഞെടുത്തു. അന്ന് ഞാന്‍ പ്രധാനമന്ത്രിയായിരുന്നു; അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ആ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ അദ്ദേഹം മൂന്ന് അക്ഷരങ്ങളില്‍ ചുരുക്കിപ്പറഞ്ഞു.
ബി-ഫോര്‍-ബി അഥവാ ഭാരത് ഫോര്‍ ഭൂട്ടാന്‍; ഭൂട്ടാന്‍ ഫോര്‍ ഭാരത്. ലളിതമെങ്കിലും അങ്ങേയറ്റം അര്‍ത്ഥപൂര്‍ണമായ ഒന്നാണത്. കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം അദ്ദേഹം ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കുകയും ചെയ്തു. അതുകൊണ്ടാണ് പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ ഭാരതത്തിന്റെ സഹായം വലിയ വികസന പദ്ധതി നടപ്പിലാക്കാന്‍ എന്റെ ആദ്യ സര്‍ക്കാരിനെ സഹായിച്ചത്. പന്ത്രണ്ടാം പദ്ധതിയിലുടനീളം പ്രധാനമന്ത്രി മോദി ഉദാരമായആ പങ്കാളിത്തം നിലനിര്‍ത്തിയതും അതുകൊണ്ടാണ്.
2024-ല്‍ ഞാന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പതിമൂന്നാം പദ്ധതിയ്‌ക്ക് ഭാരതത്തിന്റെ പിന്തുണ അദ്ദേഹം ഇരട്ടിയാക്കുകയും 10,000 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ന് ബി-ഫോര്‍-ബി എന്നത് ഭൂട്ടാനിലുടനീളം ദൃശ്യമാണ് വിദ്യാലയങ്ങളിലും ആശുപത്രികളിലും റോഡുകളിലും പാലങ്ങളിലും ജലവൈദ്യുതിയിലും സാങ്കേതികവിദ്യയിലും കൃഷിയിലും സംരംഭങ്ങളിലുമെല്ലാം.
എന്നാല്‍ ഭൂട്ടാന്‍ രാജാവ് വിഭാവനം ചെയ്ത ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ക്ക് (ജി.എം.സി) ഭാരതം നല്‍കുന്ന പിന്തുണയേക്കാള്‍ നിര്‍ണായകമായി മറ്റെങ്ങും ബി-ഫോര്‍-ബി പ്രകടമല്ല. പ്രധാനമന്ത്രി മോദി ഈ ദൗത്യത്തിന് ഭാരതത്തിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്; റെയില്‍പ്പാതകളായും അതിര്‍ത്തി അടിസ്ഥാന സൗകര്യങ്ങളായും മെച്ചപ്പെട്ട വ്യോമ-ഡിജിറ്റല്‍ കണക്റ്റിവിറ്റിയായും ആ പ്രതിബദ്ധത ഇതിനകം രൂപപ്പെട്ടുകഴിഞ്ഞു. അതിലേറെ പ്രധാനമായി ഭാരത വ്യവസായ ലോകം പ്രധാനമന്ത്രി മോദിയുടെ അസന്നിഗ്ധമായ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. ടാറ്റാ പവര്‍, അദാനി ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു എനര്‍ജി തുടങ്ങിയ സ്ഥാപനങ്ങള്‍ ഭൂട്ടാന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ നിക്ഷേപം നടത്തുന്നു; ഭാരത വ്യവസായ പ്രമുഖര്‍ ജി.എം.സിയുടെ സ്ഥാപക അംഗങ്ങളായി ചേരുകയും ചെയ്തിട്ടുണ്ട്.
ഭൂട്ടാന് നല്‍കിയ അസാധാരണ സംഭാവനകളെ മാനിച്ച് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ’ നല്‍കി ഭൂട്ടാന്‍ രാജാവ് പ്രധാനമന്ത്രി മോദിയെ ആദരിച്ചപ്പോള്‍ ഭൂട്ടാന്‍ ജനത ഒന്നടങ്കം ആഹ്ലാദിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഏക വിദേശ നേതാവാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മോദിയുടെ സ്വാധീനം തികച്ചും വ്യക്തിപരം കൂടിയാണ്. അദ്ദേഹത്തെ പണ്ടേ ഞാനൊരു ജ്യേഷ്ഠനായി കരുതിയിരുന്നു; കാലക്രമേണ ഒരു വഴികാട്ടിയായും കാണാന്‍ തുടങ്ങി. അദ്ദേഹത്തിന് ഒരിക്കലും എന്നെ പ്രത്യേകം ഉപദേശിക്കേണ്ടി വന്നില്ല; ഒരു ജനസേവകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാതൃക തന്നെയായിരുന്നു ഏറ്റവും വലിയ ഉപദേശം. ഇന്ന് ഒരു രാജ്യത്തിന്റെ ഭരണത്തലവനെന്ന നിലയില്‍ പ്രധാനമന്ത്രി മോദി 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 2019-ലെ ഞങ്ങളുടെ ആ സ്വാഭാവിക സംഭാഷണവും പിന്നീട് 2024 മാര്‍ച്ച് 14-ലെ കൂടിക്കാഴ്ചയും ഞാന്‍ ഓര്‍ക്കുന്നു.
ഞാന്‍ വീണ്ടും പ്രധാനമന്ത്രിയായി. അദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാരമായാണ് കാണുന്നതെന്ന് പറഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദല്‍ഹിയില്‍ എന്റെ ജ്യേഷ്ഠ സഹോദരനെ ഞാന്‍ സന്ദര്‍ശിച്ചു. അഞ്ച് വര്‍ഷം മുന്‍പ് പറഞ്ഞതിനെക്കുറിച്ച് ഏറെക്കാലം ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്നും എനിക്ക് തെറ്റുപറ്റിയതാണോ എന്ന് സംശയിച്ചിരുന്നുവെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് തെറ്റിയിട്ടില്ലെന്ന നിഗമനത്തിലാണ് ഞാനെത്തിയത്. മാത്രമല്ല, അത് ഏത് അവതാരമാണെന്നും ഇപ്പോള്‍ എനിക്കറിയാം. വിഷ്ണുവിന്റെ അന്തിമ അവതാരം- അരാജകത്വത്തെ മറികടക്കാനും ധര്‍മം പുനഃസ്ഥാപിക്കാനും നവയുഗത്തിന് തുടക്കം കുറിക്കാനും അവതരിക്കുന്ന ദിവ്യശക്തി; കല്‍ക്കി.
















