ന്യൂദൽഹി: സ്വിറ്റ്‌സർലൻഡ്- ഭാരത വിശാല പങ്കാളിത്തത്തിൽ നിക്ഷേപം, തൊഴിൽ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്‌ക്ക് പുതിയ തലങ്ങളിലേക്ക് ഉയരുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം നരേന്ദ്ര മോദി പ്രഖ്യാപിച്ചു. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള വ്യാപാര കരാർ വഴി അടുത്ത 15 വർഷത്തിനുള്ളിൽ ഭാരതത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപം കൊണ്ടുവരാനും 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂദൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗയ് പാർമെലിനുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിരോധം, ആണവോർജ്ജം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചു.
ഭാരതത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പാർമെലിനും പ്രധാനമന്ത്രി മോദിയും വിവിധ കരാറുകൾ കൈമാറുന്നതിന് സാക്ഷ്യം വഹിച്ചു.
ഭാരതവും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലുള്ള വ്യാപാരസാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് (ഇഎഫ്ടിഎ)പരാമർശിക്കവേ, നിക്ഷേപം, നവീകരണം, തൊഴിൽ, പങ്കിട്ട സമൃദ്ധി എന്നിവയ്‌ക്കായുള്ള ഒരു മികച്ച കർമ്മപദ്ധതിയാണിതെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.
‘ഇതൊരു മികച്ച കർമ്മപദ്ധതിയാണ് നിക്ഷേപം, നവീകരണം, തൊഴിൽ, പരസ്പര സമൃദ്ധി എന്നിവ ലക്ഷ്യമിട്ടുള്ളത്. ഇതിലൂടെ, അടുത്ത 15 വർഷത്തിനുള്ളിൽ ഭാരതത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപം യാഥാർത്ഥ്യമാക്കാനും 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾക്ക് സാധിക്കും,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഐസ്‌ലാൻഡ്, ലിക്റ്റൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഇഎഫ്ടിഎയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ. വ്യാപാരസാമ്പത്തിക പങ്കാളിത്ത കരാർ (ടിഇപിഎ) 2025 ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്നു.
വിപുലമായ വിപണി പ്രവേശനവും സ്വിസ് നിക്ഷേപവും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
ഭാരതീയ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള തീരുമാനങ്ങൾ ഇരുരാജ്യങ്ങളും കൈക്കൊണ്ടതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ഇത് സ്വിറ്റ്‌സർലൻഡിലേക്കുള്ള ഭാരതത്തിന്റെ കാർഷിക, ഫാർമ, ടെക്‌സ്‌റ്റൈൽ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കും. അതേസമയം, ബയോടെക്‌നോളജി, ലൈഫ് സയൻസസ്, ബാങ്കിംഗ്, ഇൻഷുറൻസ്, ഭക്ഷ്യ സംസ്‌കരണം, സുസ്ഥിരത തുടങ്ങിയ ഭാരതത്തിലെ സുപ്രധാന മേഖലകളിൽ പുതിയ സ്വിസ് നിക്ഷേപം ആകർഷിക്കാനും ഞങ്ങൾക്ക് കഴിയും,’ അദ്ദേഹം പറഞ്ഞു.
സൈനിക സഹകരണത്തിലും പ്രതിരോധ ഉൽപ്പാദനത്തിലും പുതിയ സാധ്യതകൾ ഭാരതവും സ്വിറ്റ്‌സർലൻഡും കണ്ടെത്തിയതായും, ആണവോർജ്ജ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായും പ്രധാനമന്ത്രി അറിയിച്ചു.
















