മലപ്പുറം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊന്നാനിയില്‍ നടന്ന സിപിഎം മലപ്പുറം ജില്ലാ വിശാല കമ്മിറ്റി പ്രതിനിധി സമ്മേളനത്തിലാണ് പി നന്ദകുമാര്‍ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.
മലപ്പുറം വര്‍ഗീയവാദികളുടെ കൂടെന്നാണ് പി നന്ദകുമാര്‍ പറഞ്ഞത്.ഇത് വിവാദമായിട്ടും നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാനോ പരാമര്‍ശം തിരുത്തിക്കാനോ സിപിഎം തയാറായില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. പൊന്നാനിയില്‍ സിപിഎം മലപ്പുറം ജില്ലാ വിശാല കമ്മിറ്റി പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് കെ വി സുജീറിന്റെയും കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റെ റാഷിദ് പുതുപൊന്നാനിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
















