തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് നാളെ എഐസിസി നേതൃത്വത്തെ കാണും. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയ്‌ക്ക് ഭരണപരമായ കാര്യങ്ങളില്‍ തന്നോട് ആശയ വിനിമയം നടത്തണമെന്നാണ് അടൂര്‍ പ്രകാശിന്‌റെ ആവശ്യം. മന്ത്രി പദവി ലഭിക്കാത്തതില്‍ തുടക്കത്തിലേ അസ്വസ്ഥനായ പ്രകാശിന് ഒരു മദ്യവ്യവസായി എന്ന നിലയ്‌ക്ക് സര്‍ക്കാരിന്‌റെ മദ്യവിരുദ്ധ നയത്തോടും എതിര്‍പ്പുണ്ട്.
അതേസമയം ഇരു കൂട്ടരെയും പിണക്കാത്തവിധം, സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനത്തിന് ഹൈക്കമാന്‍ഡ് പ്രത്യേക സമിതിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന.
കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ അടൂര്‍ പ്രകാശിന്‌റെ പ്രതികരണത്തെ അനവസരത്തിലുള്ളതെന്ന വിമര്‍ശിച്ചിട്ടും സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ തന്നിഷ്ടമാണ് നടക്കുന്നതെന്നും കൂടിയാലോചനകളില്ലെന്നുമുള്ള വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍. പിസിസി അധ്യക്ഷന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദല്‍ഹിയില്‍ എത്തുന്നുണ്ട്.
പ്രതിപക്ഷത്തുനിന്ന് വലിയ പ്രതിരോധം നേരിടുന്ന ഘട്ടത്തില്‍ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയെ അടൂര്‍ പ്രകാശ് പരസ്യമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.











