ആത്മസഖിയിലെ പോലീസ് ഓഫീസറായി വന്ന് സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് റെയ്ജൻ രാജൻ. സീരിയലും അഭിനയവും ഒന്നും ചിന്തയിൽ പോലും ഇല്ലാതിരുന്ന റെയ്ജൻ അപ്രതീക്ഷിതമായാണ് അഭിനയിച്ച് തുടങ്ങിയത്. സിനിമയായിരുന്നു ഇഷ്ടമെങ്കിലും അവസരങ്ങൾ കിട്ടാതെയായതോടെ സീരിയലിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു.
സിനിമയ്‌ക്ക് പിന്നാലെ അലഞ്ഞപ്പോഴുണ്ടായ കഥയും പ്രണയത്തിൽ നിന്നും ഉണ്ടായ ചതിയും പുതിയ അഭിമുഖത്തിൽ റെയ്ജൻ പങ്കുവെച്ചു പ്രണയ തകർച്ചയ്‌ക്കുശേഷം ഒന്നര വർഷത്തോളം എടുത്താണ് പഴയ ജീവിതത്തിലേക്ക് തിരികെ വന്നതെന്നും താരം പറയുന്നു. ചെറിയ പരസ്യങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്യാറുണ്ടായിരുന്നു.
റിസപ്ഷനിസ്റ്റായിട്ടായിരുന്നു തുടക്കം. ആദ്യം അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ആദ്യ സീരിയലിനുശേഷം മൂന്ന് വർഷം ബ്രേക്ക് വന്നിരുന്നു. ഷോർട്ട് ഫിലിം കണ്ടിട്ടാണ് ആത്മസഖിയിലേക്ക് വിളി വന്നത്. എല്ലാം വളരെ പെട്ടന്നായിരുന്നു.
ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല. സിനിമ ലക്ഷ്യം വെച്ചായിരുന്നു അവസരങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. പല ഓഡീഷനുകളും അറ്റന്റ് ചെയ്തിരുന്നു. പൈസയും പോയിട്ടുണ്ട്. അതുപോലെ പലരും എന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായപ്പോൾ സിനിമ എന്ന ആഗ്രഹം വിട്ടു . അതിൽ പ്രവർത്തിക്കുന്ന മറ്റ് ചിലരാണ് എന്നോട് പറഞ്ഞത് അവർ നിന്നെ ഉപയോഗിക്കുകയാണ് നീ ഇതിന് പിറകെ നടക്കാതിരിക്കുന്നതാകും നല്ലതെന്ന്. ഇനി ഇതിന് പിന്നാലെ നടന്നാൽ ശരിയാവില്ലെന്ന് എനിക്കും തോന്നി. സിനിമയിൽ നിലനിൽക്കാനുള്ള കുറച്ച് റ്റാറ്റിക്സൊക്കെ എനിക്ക് മനസിലായി. പക്ഷെ ഇന്റസ്ട്രിയിൽ നിലനിർത്താൻ അവർ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ എനിക്ക് ക്യാമറയുടെ മുന്നിൽ പറയാൻ പറ്റില്ല.
ഒരു സംവിധായകൻ എന്നോട് ചില കാര്യങ്ങൾ ആവശ്യപ്പെട്ടു. പക്ഷെ അത് നമുക്ക് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് റെയ്ജൻ പറഞ്ഞു. ശേഷമാണ് സീരിയൽ പ്രേമികളുടെ ചോക്ലേറ്റ് ഹീറോ പ്രണയത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചത്. കോളേജ് കാലത്താണ് ആദ്യ പ്രണയം. രണ്ട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ തേച്ചിട്ട് പോയി. മൂന്നാമത് ഞാൻ പ്രണയിച്ചയാളാണ് ഇന്ന് എന്റെ ഭാര്യയായ ശിൽപ. അന്നൊക്കെ ദിവ്യ പ്രണയമായിരുന്നു.
ചങ്ക് പറിച്ച് കൊടുക്കുമെന്നത് പോലെ. ഏത് പാതിരാത്രിക്ക് വിളിച്ചാലും ഓടി ചെല്ലും. അവസാനം ഒരു ദിവസം കോൾ വന്നു ചേട്ടാ എന്റെ കല്യാണമായി. വേറെ ആളെ നോക്കിക്കോളൂവെന്ന് ആ പെൺകുട്ടി പറഞ്ഞു. അപ്പോഴാണ് അവൾക്ക് നേരമ്പോക്കായിരുന്നുവെന്ന് എനിക്ക് മനസിലായത്. അതുപോലെ അവൾ കല്യാണം കഴിച്ചത് അവൾ എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന ആളെയാണ്. അപ്പോഴാണ് ഞാൻ ശരിക്കും തകർന്നത്. ചെറിയൊരു ഗ്യാപ്പിലെ ഫില്ലിങ് മാത്രമായിരുന്നു ഞാൻ.
അതോടെ ഡിപ്രസ്ഡായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചത് നന്നായിയെന്ന് ഇന്നത്തെ ജീവിതം കാണുമ്പോൾ തോന്നുന്നു. ഞാനും എന്റെ വൈഫും എന്ന സർക്കിളിന് ഉള്ളിലാണ് ഞങ്ങൾ. വലിയൊരു സർക്കിളൊന്നും ഞങ്ങൾക്കില്ല. അങ്ങനൊരു സർക്കിൾ കൊണ്ട് വലിയ ഗുണമുണ്ടെന്ന് തോന്നുന്നില്ല. ആദ്യ പ്രണയം തകർന്നശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അവർക്ക് പക്ഷെ പണം ഒരു വിഷയമായിരുന്നുവെന്ന് തോന്നുന്നു.എന്റേത് സർക്കാർ ജോലി അല്ലല്ലോ. അതുകൊണ്ട് അവളുടെ അപ്പനൊക്കെ പുച്ഛത്തോടെയാണ് സംസാരിച്ചത്. അവസാനം അവളും പിന്മാറി. അപ്പൻ പറയുന്നതെ കേൾക്കാൻ പറ്റൂവെന്ന് അവൾ പറഞ്ഞു. ആദ്യത്തെ പ്രണയം തകർന്ന സമയത്ത് അവൾ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ അൽപനേരം സ്റ്റക്കായി നിന്നു. മൂവ് ചെയ്യാൻ പോലും പറ്റുന്നില്ലായിരുന്നു.
ഒന്നൊന്നര കൊല്ലം അതിൽ പെട്ടുപോയി. കഞ്ചാവ് അടിച്ച് എന്റെ കിളി പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ആരെയും കാണുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ടമായിരുന്നില്ല. സ്ത്രീകളോട് പുച്ഛവും വെറുപ്പുമായിരുന്നു ആ സമയത്ത് എന്നും റെയ്ജൻ പറയുന്നു.
















