കണ്ണൂര്‍: കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം. അഞ്ചിടങ്ങളിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. അക്രമത്തിൽ മന്ത്രി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരില്‍ എത്തിയത്.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പില്‍ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്. ഈ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞത്. പത്തിലേറെ വരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തില്‍ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
കുപ്പത്ത് വച്ച് മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് നേരെ കല്ലെറിയുകയും കൈകൾ കൊണ്ട് വാഹനത്തിൽ ആഞ്ഞടിക്കുകയുമായിരുന്നു. കല്ലേറിലും ശക്തമായ പ്രഹരത്തിലും മന്ത്രിയുടെ വാഹനത്തിന്റെ ബോഡിക്കും ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കാറിന് മുന്നിലെ ഫ്‌ളാഗ് സ്റ്റാന്റും ഒടിഞ്ഞു. റെയിന്‍ഗാര്‍ഡിനും കേടുപാടുണ്ടായി. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ അവിടെനിന്ന് മാറ്റിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച് നടന്ന സംഘർഷങ്ങളിൽ എസ്.എഫ്.ഐക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി ഒ. ജെ. ജനീഷ് രംഗത്തെത്തിയിരുന്നു. ക്യാമ്പസിനുള്ളിൽ നടക്കുന്നത് ശുദ്ധ ഗുണ്ടായിസമാണെന്നും അവിടെ ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ മിന്നൽ റെയ്ഡ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡിവൈഎഫ്ഐ നേതൃത്വം മന്ത്രിക്കെതിരെ പരസ്യമായ പരിഹാസങ്ങളുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഈ രാഷ്‌ട്രീയ പോരിന്റെ തുടർച്ചയായാണ് കണ്ണൂരിലെ തളിപ്പറമ്പിൽ വച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ അക്രമം ഉണ്ടായിരിക്കുന്നത്.
ഇന്നലെ തിരുവനന്തപുരത്തുനടന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പില്‍ എംപിയുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.
















