ന്യൂദൽഹി: എംകെ മുനീറിന് കാബിനറ്റ് പദവി നൽകിയതിലൂടെ മുസ്ലീം ലീഗിന് ആറാം മന്ത്രിയെ സമ്മാനിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശനെന്ന് വി.മുരളീധരൻ എംഎൽഎ. ഭരണത്തിൽ വന്നതുമുതൽ സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയെ തഴഞ്ഞു പി.കെ.കുഞ്ഞാലിക്കുട്ടിയെ രണ്ടാമനാക്കി. കോൺഗ്രസിൽ ചോദിക്കുന്നതിന് മുൻപ് ലീഗിൽ ചോദിക്കുക എന്നതാണ് സതീശന്റെ രീതിയെന്നും വി.മുരളീധരൻ പരിഹസിച്ചു. പുതിയ പദവികൾ അനാവശ്യ ചെലവാണെന്നും പണ്ട് കെ.വി. തോമസിന് നൽകിയതുപോലെയുള്ള സംവിധാനമാണിതെന്നും മുരളീധരൻ പറഞ്ഞു.
മന്ത്രിമാർക്ക് ചെയ്യാവുന്നതിൽ കൂടുതൽ ഒന്നും ദൽഹിയിലെ പ്രതിനിധിക്കോ ഭരണ പരിഷ്കാര കമ്മീഷനോ ചെയ്യാനില്ല. കഴിഞ്ഞ സർക്കാരിന്റെ അതേ നയവും നിലപാടും ആവർത്തിക്കുകയാണ് യുഡിഎഫ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
ഷാജിക്ക് ഓട്ടോറിക്ഷയാവാം
ന്യൂദൽഹി: തദേശ മന്ത്രി എപ്പോഴും ആഡംബര കാറിൽ മാത്രം യാത്ര ചെയ്താൽ പോര, വല്ലപ്പോഴും പാവപ്പെട്ടവന്റെ വാഹനമായ ഓട്ടോറിക്ഷയിൽ കൂടി യാത്ര ചെയ്യട്ടെ എന്ന് വി.മുരളീധരൻ എം.എൽ.എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി പ്രവർത്തകർ അമർഷം കൊള്ളുക സ്വാഭാവികമെന്നും കരിങ്കൊടി പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമെന്നും വി.മുരളീധരൻ പറഞ്ഞു. യുവമോർച്ച മന്ത്രിമാരുടെ വാഹനം തടഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കഴക്കൂട്ടം എംഎൽഎ.
















