അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പീഡന പരാതിയിലും മറ്റു ഗുരുതര ക്രമക്കേടുകളിലും ആരോപണം നേരിടുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രശാന്ത് പി.എസ്. നെ പടന്നക്കാട് കാര്‍ഷിക കോളേജിലേക്ക് സ്ഥലംമാറ്റിയ നടപടി കൊണ്ട് മാത്രം വിഷയം അവസാനിപ്പിക്കരുതെന്നും, പരാതിയില്‍ സമഗ്രവും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
പരാതിയുടെ പശ്ചാത്തലത്തില്‍ തൊഴിലിടത്തെ സ്ത്രീകളുടെ സുരക്ഷയും അന്വേഷണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പരിഗണിച്ചുള്ള ഭരണപരമായ/സംരക്ഷണ നടപടിയായാണ് സ്ഥലംമാറ്റം നടന്നതെങ്കില്‍പ്പോലും, അതോടെ പരാതി സംബന്ധിച്ച നടപടികള്‍ അവസാനിക്കുന്നില്ലെന്ന് എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി.
പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ഓരോ ആരോപണത്തിന്റെയും യാഥാര്‍ത്ഥ്യം പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയും ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് സര്‍വ്വകലാശാലയുടെ ഉത്തരവാദിത്വമാണെന്നും സംഘടന വ്യക്തമാക്കി. സര്‍വ്വകലാശാല ആസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയത്ത് കൃത്യനിര്‍വഹണത്തിലെ വീഴ്ചകളുടെ പേരിലാണ് പ്രശാന്തിനെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയത്. എന്നാല്‍, അമ്പലവയലില്‍ ചുമതലയേറ്റ ശേഷം അതിനേക്കാള്‍ ഗുരുതരമായ ക്രമക്കേടുകളും ആരോപണങ്ങളും പരാതികളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, ഒരു സ്ഥലംമാറ്റം കൊണ്ട് മാത്രം വിഷയത്തില്‍ നിന്ന് സര്‍വ്വകലാശാലക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
ഇതിനിടെ, കുറ്റാരോപിതനായ ഉദ്യോഗസ്ഥന് അനുകൂലമായി ഭരണകക്ഷിയുമായി ബന്ധപ്പെട്ട സംഘടന ഇടപെടുന്നതായും, ഇതുമായി ബന്ധപ്പെട്ട് ഒരു ഭരണകക്ഷി എം.എല്‍.എ തന്നെ സര്‍വ്വകലാശാല അധികാരികളുമായി ബന്ധപ്പെട്ടതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എംപ്ലോയീസ് സംഘ് പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉയര്‍ന്നുവന്ന ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരുന്നതുവരെ വിഷയം അവസാനിക്കുകയില്ല. പീഡനപരാതി നേരിടുന്ന ഒരു ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്യേണ്ടിവരുന്നത് ജീവനക്കാരുടെ വിധിയായി കാണാനാകില്ല. എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് വി.എന്‍. അജിയും ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയും പ്രസ്താവനയിലൂടെ അറിയിച്ചു.
















