ജലന്ധർ: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ 2029 ഡിസംബർ 31-നകം പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒപ്പം ആം ആദ്മി പാർട്ടി സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപിയുടെ ‘നശാ മുക്ത് പഞ്ചാബ് യാത്ര’യുടെ ഭാഗമായി ജലന്ധറിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ പ്രധാന വിഷയമായി ലഹരിവിരുദ്ധ പോരാട്ടത്തെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ വാഗ്ദാനത്തോട് ‘കെജ്രിവാളും കൂട്ടരും’ എന്ത് പ്രതികരിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ട്, ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെയും മറ്റ് പാർട്ടി നേതാക്കളെയും ഷാ പരിഹസിച്ചു.
ഞങ്ങൾ എപ്പോഴും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. ഭീകരവാദം, നക്സലിസം, കലാപങ്ങൾ എന്നിവയെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കൈവരിച്ച വലിയ നേട്ടങ്ങളെ അമിത് ഷാ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ബിജെപി കാശ്മീരിനെ ഭീകരവാദത്തിൽ നിന്ന് മോചിപ്പിക്കുകയും, 50 വർഷം നീണ്ടുനിന്ന നക്സൽ പ്രശ്നത്തിന് അറുതി വരുത്തുകയും, വടക്കുകിഴക്കൻ മേഖലയിലെ കലാപങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. ഇനി, സിന്തറ്റിക് ലഹരിമരുന്നുകളിൽ നിന്ന് മുക്തമായ ഒരു പഞ്ചാബിനെ കെട്ടിപ്പടുക്കേണ്ട സമയമാണ്,” ഷാ പറഞ്ഞു.
ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും “ഗുരുക്കന്മാരെ അപമാനിക്കുകയും” ചെയ്യുന്ന ഒരാൾക്ക് പഞ്ചാബിനെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനാവില്ല. ബിജെപിക്ക് മാത്രമേ പഞ്ചാബിനെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ, പേര് നേരിട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഷാ വിമർശിച്ചു. 2004-നും 2014-നും ഇടയിൽ രാജ്യത്തുടനീളം 26 ലക്ഷം കിലോഗ്രാം ലഹരിമരുന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ പിടിച്ചെടുത്തു. എന്നാൽ 2014-നും 2024-നും ഇടയിൽ മോദി സർക്കാർ ഏകദേശം 1.2 കോടി കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു.
കോൺഗ്രസ് ഭരണകാലത്ത് ഏകദേശം 40,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തപ്പോൾ, ബിജെപി സർക്കാരിന്റെ കാലത്ത് ഏകദേശം 1.90 ലക്ഷം കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നും ഷാ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ‘നശാ മുക്ത് പഞ്ചാബ് യാത്ര’ പത്താൻകോട്ടിൽ നിന്ന് ആരംഭിച്ച് 13 ദിവസത്തിനുള്ളിൽ 117 നിയമസഭാ മണ്ഡലങ്ങളിലൂടെയും ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച് ജലന്ധറിലാണ് സമാപിച്ചത്.
















