ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 2-ന് ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള സിജെപി പ്രതിഷേധത്തിന് ദൽഹി പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. അതേസമയം, ‘കോക്രോച്ച് ജനത പാർട്ടി’ (CJP) മുംബൈയിലെ ശിവാജി പാർക്കിൽ ‘ജയിൽ ഭരോ’ (ജയിൽ നിറയ്‌ക്കൽ) സമരം നടത്താൻ പദ്ധതിയിടുകയാണ്. എന്നാല്‍ സിജെപിയുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും ഈ ടൂള്‍ കിറ്റ് മാനസികാവസ്ഥ രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് തുരങ്കം വെയ്‌ക്കുന്ന ഒന്നാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. നീറ്റ് പരീക്ഷയ്‌ക്കെതിരെ നടത്തിയ സിജെപി സമരത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്ക് മുറവിളി കൂട്ടുന്ന ഈ സമരം കേന്ദ്രസര്‍ക്കാരിനെതിരായ ഗൂഢാലോചനയായാണ് ബിജെപി കാണുന്നത്.
ബിജെപിയുടെ സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നാഡിയുവും എന്‍ഡിഎ യോഗത്തിന് ശേഷം പ്രതിപക്ഷത്തിന്റെ ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ തള്ളി. മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് യോഗം നടത്തിയ ശേഷം ഇന്ത്യന്‍ എക്സ്പ്രസിന്റെ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിക്കഴിഞ്ഞതായും ഈ സമരം കേന്ദ്രസര്‍ക്കാരിനെതിരായ സമരമാണെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ആയിരം തവണ നുണ ആവര്‍ത്തിച്ചാലും ഗ്യാനേഷ് കുമാറിന്റെ കാര്യത്തില്‍ അത് സത്യമാവില്ലെന്ന് ജെ.പി. നദ്ദ പറഞ്ഞു. ഇത് സത്യത്തിന്റെ ശബ്ദമല്ല, നുണയുടെ മുഴക്കമാണെന്നും ജെ.പി. നദ്ദ പറഞ്ഞു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് ബിജെപിയുടെയും സഖ്യകക്ഷികളുടെയും നീക്കം. തമിഴ്നാട്ടിലെ ഡിഎംകെയും ബംഗാളിലെ വിമത തൃണമൂല്‍ പക്ഷവും ബിജെപിയ്‌ക്കൊപ്പം ഇക്കാര്യത്തില്‍ ഉണ്ട്.
SIR നടപടികൾക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികളും വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
ഇതിനിടെ, ‘കോക്രോച്ച് ജനത പാർട്ടി’ (CJP) പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജീത് ദിപ്കെ, ഒക്ടോബർ 2-ന് വൈകുന്നേരം 4-ന് മുംബൈയിലെ ശിവാജി പാർക്കിൽ സമാന്തരമായി ‘ജയിൽ ഭരോ’ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 2-ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതായി ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, 2013-ലെ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ശിവാജി പാർക്കിൽ ഒത്തുചേരലിന് അനുമതി നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നും പ്രദേശം ‘സൈലൻസ് സോൺ’ (നിശബ്ദ മേഖല) ആണെന്നും മുംബൈ പോലീസ് വ്യക്തമാക്കി. അപേക്ഷകനായ അജിങ്ക്യ ഷിൻഡെയോട് മുംബൈയിൽ മറ്റൊരു സ്ഥലം കണ്ടെത്തി അനുമതി തേടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും, അപേക്ഷ ലഭിച്ചാൽ ഉചിതമായ രീതിയിൽ പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു. കുമാറിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിപുലമായ പ്രചാരണത്തിനിടയിലാണ് ഈ സംഭവവികാസങ്ങൾ. തിങ്കളാഴ്ച കോൺഗ്രസ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കി; സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലകളിലും പ്രകടനങ്ങൾ നടത്തിയ പാർട്ടി, ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഐക്യനിര കെട്ടിപ്പടുക്കാനും ശ്രമിക്കുന്നു.
അതേസമയം, എസ്ഐആർ നടപടികളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ സെപ്റ്റംബർ 30-ന് ‘ഇന്ത്യ’ (INDIA) സഖ്യം യോഗം ചേരും.
എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും നടപടിക്രമങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് രാഷ്‌ട്രീയ തർക്കം ശക്തമായത്. എന്നാൽ, ഈ വിയോജിപ്പുകൾ സ്ഥാപനപരമായ ഭിന്നാഭിപ്രായത്തെ സൂചിപ്പിക്കുന്നുവെന്ന വാദം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. എസ്ഐആർ സംബന്ധിച്ച തീരുമാനങ്ങൾ കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയാണ് കൈക്കൊണ്ടതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് കമ്മീഷണര്‍മാരും വ്യക്തമാക്കി.
















