Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേന്ദ്രം സഹായിച്ചതിനെ തുടര്‍ന്ന് കേരളത്തെ ഇരുട്ടില്‍ നിന്നും കെഎസ്ഇബിക്ക് രക്ഷിക്കാനായി. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്കും ആശ്വാസമായി. കേന്ദ്രപൂളില്‍ നിന്ന് സാധാരണ നല്‍കുന്ന 2200 മെഗാവാട്ടില്‍ നിന്നും 150 മെഗാവാട്ട് അധിക വൈദ്യുതി കൂടി അനുവദിച്ചു. ഇതോടെ കേരളത്തിന് കേന്ദ്രപൂളില്‍ നിന്നുമാത്രം 2350 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങി. ഗുരുതരമായ പ്രതിസന്ധി കണക്കിലെടുത്താണ് ഈ അധിക സഹായം. കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഒഴിവായത് കേന്ദ്രത്തില്‍ നിന്നും അധിക വൈദ്യുതി ലഭിച്ചതിനാല്‍. അധികമായി ലഭിക്കുന്ന വൈദ്യുതി ഡിസംബര്‍ 31 വരെ തുടരും.

കേരളത്തിലെ ഉപഭോഗത്തില്‍ 80 ശതമാനം വൈദ്യുതിയും ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തിയിരുന്നു. താപനിലയങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും യൂണിറ്റ് നിരക്ക് അധികമായതിനാല്‍ പിന്‍മാറി. ഉപഭോക്താക്കള്‍ക്ക് നിരക്ക് കൂട്ടുമെന്ന വാര്‍ത്തകള്‍ വന്നതോടെ പ്രതിഷേധങ്ങളും ഉടലെടുത്തു.

ആന്ധ്രയില്‍ നിന്ന് 150 മുതല്‍ 300 മെഗാവാട്ട് വൈദ്യുതിയും, മധ്യപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതിയും കേരളത്തിന് ലഭ്യമായി തുടങ്ങി. കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും വൈദ്യുതി ആവശ്യം നിരസിച്ചപ്പോഴാണ് മധ്യപ്രദേശ് വൈദ്യുതി നല്‍കാന്‍ തയാറായത്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനം നല്‍കിയില്ല.

കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം പലപ്പോഴും 4500 മെഗാവാട്ടിനും 5000 മെഗാവാട്ടിനും മുകളിലേക്ക് ഉയരാറുണ്ട്. എന്നാല്‍ ആകെ ആവശ്യകതയുടെ 25 ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം. കേന്ദ്രത്തില്‍ നിന്നും അധിക വൈദ്യുതിയും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും മിണ്ടാട്ടമില്ല. വൈദ്യുതി നിയന്ത്രണം ക്രമേണ ഒഴിവാക്കുമെന്ന കെഎസ്ഇബിയുടെ പത്രക്കുറിപ്പ് മാത്രമാണ് പുറത്തിറക്കിയത്.

 

Recent Posts