പത്തനംതിട്ട: ലോഡ് ഷെഡിംഗിന് പരിഹാരമായി പുറത്തുനിന്നു വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന കോടികളുടെ ബാധ്യത ഒഴിവാക്കാന്‍ വൈദ്യുതി സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. കെഎസ്ഇബിയുടെ സഞ്ചിത നഷ്ടം 39,000 കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് അധികൃതരുടെ നിലപാട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 35,944.93 കോടി രൂപയായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടം. സംസ്ഥാനത്ത് വൈദ്യുതി അടിസ്ഥാന നിരക്ക് ഒടുവില്‍ വര്‍ദ്ധിപ്പിച്ചത് 2024 ഡിസംബര്‍ 5-നായിരുന്നു. ഈ നിരക്ക് 2027 മാര്‍ച്ച് 31 വരെ തുടരാനായിരുന്നു തീരുമാനം.
കഴിഞ്ഞ ഓഗസ്റ്റില്‍ വലിയ തുകയ്‌ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലുണ്ടായ അധിക ബാധ്യത നികത്താന്‍ ഒക്ടോബറിലെ ബില്ലില്‍ യൂണിറ്റിന് 3 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ കണക്ഷനുള്ള സര്‍വീസ് ചാര്‍ജ് നിരക്കുകള്‍ ഒക്ടോബര്‍ 12-ന് പ്രാബല്യത്തില്‍ വരുമെന്നറിയുന്നു. രണ്ടു കിലോവാട്ട് വരെയുള്ള സിംഗിള്‍ ഫേസ് കണക്ഷന്‍ ഫീസ് 1,740-ല്‍ നിന്ന് 2,000 ആയും, രണ്ടു മുതല്‍ 5 കിലോവാട്ട് വരെയുള്ളതിന്റേത് 5,000 ആയും വര്‍ദ്ധിപ്പിക്കും.
2027-ല്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരട് ചട്ടങ്ങള്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ തയാറാക്കുന്ന സാഹചര്യത്തിലാണ് കോടികളുടെ അധിക ബാധ്യത വൈദ്യുതി ബോര്‍ഡിനെ തളര്‍ത്തുന്നത്. ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ മധ്യപ്രദേശില്‍ നിന്നും കേന്ദ്ര റിയല്‍ ടൈം വിപണിയില്‍ നിന്നുമാണ് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കുന്നത്.
പീക്ക് സമയങ്ങളിലെ ഉയര്‍ന്ന ഉപഭോഗം നേരിടാന്‍ കൂടുതല്‍ ഹ്രസ്വകാല കരാറുകളില്‍ ബോര്‍ഡ് ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 150 മെഗാവാട്ട് വൈദ്യുതി ഡിസംബര്‍ മാസം വരെ കേരളത്തിന് ലഭിക്കും. കൂടുതല്‍ വൈദ്യുതിക്കായി എന്‍ പി സിയുമായി വീണ്ടും ധാരണയിലെത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാന്‍ മറ്റ് പുതിയ കരാറുകള്‍ക്കായുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഡിസംബര്‍ വരെ സ്ഥിരമായി ലഭിക്കുന്ന 500 മെഗാവാട്ടിന് പുറമെ, ഒക്ടോബറില്‍ 88 മെഗാവാട്ടും നവംബറില്‍ 240 മെഗാവാട്ടും ഡിസംബറില്‍ 384 മെഗാവാട്ടും അധികമായി ലഭ്യമാക്കാന്‍ കരാറുകളായിട്ടുണ്ട്. ഇവയ്‌ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. സംസ്ഥാനത്തെ ജലസംഭരണികളില്‍ നിലവില്‍ 2564 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണുള്ളത്. തുലാവര്‍ഷം നന്നായാല്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ അതൊന്നും നഷ്ടം നികത്താന്‍ പര്യാപ്തമല്ലെന്ന് അധികൃതര്‍ പറയുന്നു.
















