വൈദ്യുതി ക്ഷാമം മൂലം ഇരുട്ടില്‍ തപ്പുന്ന കേരളത്തിന് സഹായഹസ്തവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പൂളില്‍നിന്ന് പ്രതിദിനം നല്‍കുന്ന 2200 മെഗാവാട്ട് വൈദ്യുതിക്കു പുറമെയാണ് 150 മെഗാവാട്ട് അധികം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര പൂളില്‍ നിന്ന് പ്രതിദിനം 2350 മെഗ വാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.
കേരളം നേരിടുന്ന ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രം ഉദാരമായ സമീപനം സ്വീകരിച്ചത്. കേന്ദ്ര പൂളില്‍ നിന്ന് അധികമായി ലഭിക്കുന്ന വൈദ്യുതി ഈ വര്‍ഷം അവസാനം വരെ തുടരും. ഇതോടെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. കേരളത്തിലെ വൈദ്യുതി ഉപഭോഗത്തില്‍ 80 ശതമാനവും ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കും.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുകയും, പവര്‍കട്ട് തുടര്‍ക്കഥയാവുകയും ചെയ്തപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലേക്ക് വീണിരുന്നു. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍ കട്ടുകള്‍ ജനജീവിതത്തെ ബാധിക്കാനും തുടങ്ങി. ഇതിന് പരിഹാരം കാണാനാവാതെ വൈദ്യുതി മന്ത്രിയും കെഎസ്ഇബിയും ഇരുട്ടില്‍ തപ്പുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയരാന്‍ തുടങ്ങിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ നീക്കം നടന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് വൈദ്യുതി ലഭ്യമാക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും നടന്നില്ല. ഈ രണ്ടു സംസ്ഥാനങ്ങളും മിതമായ നിരക്കില്‍ വൈദ്യുതി അനുവദിക്കാന്‍ തയ്യാറായില്ല. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നും എന്‍ഡിഎ ഭരണമുള്ള ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിന് വൈദ്യുതി ലഭിച്ചു.
ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുമെന്നും, തമിഴ്‌നാടിന് നല്‍കുന്ന വൈദ്യുതി വിഹിതത്തില്‍ കുറവ് വരുത്തിയാണ് ഹിമാചല്‍ കേരളത്തിന് ഈ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കി കെ.സി. വേണുഗോപാല്‍ എംപി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയായതെന്നും പ്രചാരണം നടന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനല്ല, കെ.സി. വേണുഗോപാലിനെ സൂപ്പര്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനായിരുന്നു ഈ കുപ്രചാരണം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളേക്കാള്‍ ഗ്രൂപ്പ് താല്‍പ്പര്യങ്ങളാണ് കോണ്‍ഗ്രസിന് വലുതെന്ന് തെളിയിക്കുന്നതായിരുന്നു ഇത്.
കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് കേരളത്തിന് വൈദ്യുതി എത്തിക്കുമെന്ന് വലിയ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് ലഭിക്കാതെ പോയപ്പോള്‍ നിശ്ശബ്ദത പാലിച്ചു. കേന്ദ്രപൂളില്‍ നിന്ന് അധികവൈദ്യുതി നല്‍കുന്നതിനെക്കുറിച്ചും, ബിജെപി-എന്‍ഡിഎ സര്‍ക്കാരുകള്‍ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ചും ഈ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചില്ല. പവര്‍കട്ടിനെ കുറിച്ച് തമാശ പറഞ്ഞും ജനങ്ങളെ പരിഹസിച്ചും നടന്ന വൈദ്യുതി മന്ത്രിക്കും ഇതിനെക്കുറിച്ച് മിണ്ടാട്ടമില്ല. കേന്ദ്രത്തിന്റെ അധിക സഹായത്തെ കുറിച്ച് പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറല്ല. ഇപ്പോള്‍ പവര്‍കട്ടില്ലാതെ മുന്നോട്ടുപോകുന്നത് കേന്ദ്രത്തിന്റെ സഹായം കൊണ്ടാണെന്ന് പറയാനുള്ള മാന്യത മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കാണിക്കണം. കേന്ദ്ര വിരോധത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴും എന്നതുകൊണ്ടാവാം ഇങ്ങനെ ചെയ്യാത്തത്. രാഹുല്‍ രാജകുമാരന്റെ ഇഷ്ടക്കേട് പിടിച്ചുപറ്റേണ്ടെന്നും തീരുമാനിച്ചിട്ടുണ്ടാവും.
















