ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ രണ്ട് വലിയ നഗരങ്ങൾക്ക് സമീപമുണ്ടായ വെടിവയ്‌പിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിന് തെക്കുപടിഞ്ഞാറുള്ള വാഡെല്ല ടൗൺഷിപ്പിലാണ് ആദ്യ സംഭവം നടന്നത്. ഒരു ബാറിൽ നടന്ന വെടിവയ്‌പ്പിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാമത്തെ സംഭവം കേപ് ടൗണിലാണ് നടന്നത്. അവിടെ 10 പേർ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രി 9:30 ഓടെയാണ് വാഡെല്ല പട്ടണത്തിൽ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. എകെ 47 തോക്കുകളും കൈത്തോക്കുകളും ഉപയോഗിച്ച് ആയുധധാരികളായ എട്ട് പ്രതികൾ വാഡെല്ലയിലെ ഒരു ബാറിന് പുറത്ത് ആളുകൾക്ക് നേരെ വെടിയുതിർക്കുകയും പിന്നീട് അകത്ത് കയറി വീണ്ടും വെടിയുതിർക്കുകയും ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കേപ് ടൗൺ നഗരത്തിനടുത്തുള്ള ലവാൻഡിൽ ഒരു കടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കൂട്ട വെടിവയ്‌പ്പ് നടന്നതായും 10 പേർ കൊല്ലപ്പെട്ടതായും പോലീസ് ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ മറ്റ് പതിനൊന്ന് പേർക്ക് പരിക്കേറ്റു. ഈ കേസിലും പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും അക്രമികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദക്ഷിണാഫ്രിക്ക അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുകയാണ്. എന്നാൽ ഈ ആഴ്ചയിലെ വെടിവയ്‌പ്പ് സംഭവങ്ങൾ രാജ്യത്തെ ഞെട്ടിച്ചു. ഈ രണ്ട് സംഭവങ്ങൾക്കും ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഡർബൻ നഗരത്തിനടുത്തുള്ള ഒരു വീട്ടിലെ പാർട്ടിക്ക് നേരെ മൂന്ന് തോക്കുധാരികൾ വെടിയുതിർത്തിരുന്നു. അതിൽ ഒരു ഗർഭിണിയുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
















