
രോഗം കണ്ടുപിടിച്ച് ചികിത്സിക്കുക മാത്രമല്ല ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ആ ചികിത്സയില്‍ സ്‌നേഹവും കരുതലും കാണിക്കുന്നതും ചുമതലയാണ്. തന്മയീഭാവം എന്ന ഗുണം തീര്‍ച്ചയായും ഉണ്ടാവണം. കൊമ്പും കുഴലും കൃത്രിമബുദ്ധിയും ചികിത്സാരംഗം കീഴടക്കിയെങ്കിലും ഡോക്ടറുടെ സ്പര്‍ശനത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മരുന്നിനെക്കാളും രോഗിക്ക് ആശ്വാസം നല്‍കുന്നതാണ് സാന്ത്വനം. രോഗി പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാനുള്ള ഡോക്ടറുടെ താല്‍പ്പര്യം ചികിത്സയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
അരനൂറ്റാണ്ടിലേറെയായി ചികിത്സയുടെ ലോകത്തുള്ള ഒരു സര്‍ജന്റെ നിരീക്ഷണങ്ങളാണിത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ നിരീക്ഷണങ്ങള്‍. ‘സ്‌നേഹവും കരുതലും തന്മയീഭാവവും’ എന്ന പുസ്തകത്തിന്റെ ആകെത്തുകയും ഇത്തരം അനുഭവങ്ങളാണ്. ഒരു സര്‍ജന്‍ എന്നതിലുപരി കറ കളഞ്ഞ മനുഷ്യസ്‌നേഹിയുടെ ജീവിതവീക്ഷണവുമാണിത്.
ജനനത്തിനും മരണത്തിനുമിടയിലുള്ള കുറെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രഹേളികയായ ജീവിതത്തില്‍ ആശ്വാസമേകുകയാണ് ചികിത്സകന്റെ ധര്‍മ്മമെന്ന് ഡോ. ദയാനന്ദ ബാബു ഈ ഗ്രന്ഥത്തില്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. പക്ഷേ ഭിഷഗ്വരന്‍ ഈശ്വരനല്ല. സൗഖ്യം നല്‍കുന്ന പ്രക്രിയയില്‍ ഈ ശ്വരാനുഗ്രഹം സഹായമാവുന്നുവെന്നു മാത്രം. മരിച്ചയാള്‍ തിരിച്ചെത്തിയതും, മനുഷ്യത്വത്തിന്റെ കരസ്പര്‍ശത്തില്‍ സ്വച്ഛന്ദമൃത്യു സംഭവിച്ചതും, ചിരിച്ചുകൊണ്ട് മരണത്തെ അതിജീവിച്ചതുമൊക്കെ ഈ ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ചില ആഖ്യാനങ്ങളാണ്. ഗര്‍വ്വും അഹങ്കാരവും സമ്പത്തായി കൊണ്ടുനടക്കുന്ന ചില സഹപ്രവര്‍ത്തകര്‍ രോഗികള്‍ക്കും കുടുംബത്തിനും തീരാനരകം സമ്മാനിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.
യന്ത്രസഹായം കൊണ്ടു മാത്രം സമസ്ത രോഗങ്ങളും കണ്ടെത്തി ഭേദപ്പെടുത്താമെന്ന ചിന്ത കേവലം മിഥ്യയാണെന്ന് ഡോ. ദയാനന്ദ ബാബു ആവര്‍ത്തിച്ചു പറയുന്നു. കൈകള്‍ കൊണ്ടുള്ള ക്ലിനിക്കല്‍ പരിശോധനയുടെ പ്രാധാന്യം ഒരിക്കലും ഇല്ലാതാവുന്നില്ല. ആ റോള്‍ യന്ത്രങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ല. രോഗിയുടെ ശങ്കയകറ്റാനും ആത്മവിശ്വാസം പകരാനും സ്പര്‍ശ ചികിത്സക്ക് സാധിക്കും. ഒരു നല്ല ഡോക്ടര്‍ രോഗിയില്‍ നിന്ന് പഠിക്കണമെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു.
ലളിതവും സുന്ദരവുമായ ആഖ്യാന ശൈലിയില്‍ തയ്യാറാക്കിയ ‘സ്‌നേഹവും കരുതലും തന്മയീഭാവവും’ ആരെയും ആഴത്തില്‍ സ്പര്‍ശിക്കും. കഥ വായിക്കുംപോലെ ആസ്വദിച്ച് അനുഭവിക്കാം. ഒരു കാര്യം ഉറപ്പാണ്- ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ ഹൃദയം ആദ്രമാവും. അതില്‍ സ്‌നേഹം നിറയും. അടുത്തുനില്‍ക്കുന്ന രോഗിയെ കൂടപ്പിറപ്പിനെ പോലെ കാണാനുള്ള ആര്‍ജവം ചികിത്സകരില്‍ ഉറവപൊട്ടും.
സ്നേഹവും കരുതലും തന്മയീഭാവവും
ഡോ. ദയാനന്ദ് ബാബു
സദ്ഭാവന ട്രസ്റ്റ്,
തിരുവനന്തപുരം.
₹200/
9447022210