വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ചും (1883-1966) അദ്ദേഹത്തിന്റെ ഹിന്ദുത്വ രാഷ്‌ട്രീയത്തെക്കുറിച്ചും മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകമാണ് പ്രൊഫ. ടി.പി. സുധാകരന്റെ സവര്‍ക്കറും ഹിന്ദുത്വ രാഷ്‌ട്രീയവും. ഈ പുസ്തകത്തില്‍ സവര്‍ക്കറുടെ ദേശീയതാ സങ്കല്‍പ്പം, ഹിന്ദു രാഷ്‌ട്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സ്വാതന്ത്ര്യ സമരകാലത്തെ രാഷ്‌ട്രീയ നിലപാടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. സവര്‍ക്കറുടെ ബാല്യവും വിദ്യാഭ്യാസവും ബിരുദ പഠനകാലവും, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പോടെ ലണ്ടനിലേക്ക് പോയതും അവിടെ ഫ്രീ ഇന്ത്യാ സൊസൈറ്റി രൂപീകരിച്ചതും, നിയമബിരുദം നേടിയിട്ടും ലണ്ടനിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാതിരുന്നതും, ജയില്‍ വാസവും, ആന്‍ഡമാന്‍ തടവറയിലെ അനുഭവങ്ങളും പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളില്‍ പ്രതിപാദിക്കുന്നു. ജനഗണമന, വന്ദേമാതരം, ദേശീയഗാനം തുടങ്ങിയ വിഷയങ്ങളിലുടെയും, ഒന്നാം ലോക മഹായുദ്ധകാലത്തെ സംഭവങ്ങളിലുടെയും സവര്‍ക്കറുടെ രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള മാറ്റവും ഇവിടെ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തനം, യുക്തിവാദവും ശാസ്ത്രചിന്തയും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
സവര്‍ക്കറുടെ ആശയങ്ങള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഉണ്ടാക്കിയ സ്വാധീനവും ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയും കൃതിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. സവര്‍ക്കര്‍ മാപ്പപേക്ഷിച്ചിട്ടാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് പുറത്തുകടന്നത് എന്നതാണ് എതിരാളികള്‍ ഉപയോഗിക്കുന്ന രാഷ്‌ട്രീയായുധം. എന്നാല്‍ ഇന്നത്തെ ബെയില്‍ പെറ്റീഷന്‍ (bail petition) അന്ന് ക്ലെമന്‍സി പെറ്റിഷന്‍ (clemency petition) ആയിരുന്നു. 1923 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അതിന്റെ കാക്കിനാഡ സമ്മേളനത്തില്‍ സവര്‍ക്കറെ വിടണമെന്ന പ്രമേയം പാസ്സാക്കുകയുണ്ടായി. 1924 ജനുവരി ആറിനാണ് സവര്‍ക്കറെ ഉപാധികളോടെ ജയില്‍ മോചിതനാക്കുന്നത്. രത്നഗിരി വിട്ട് പുറത്തു പോകാനോ ഗവണ്‍മെന്റിന്റെ സമ്മതമില്ലാതെ അഞ്ചു കൊല്ലക്കാലം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ലെന്നുമായിരുന്നു ഉപാധി.
ഹിന്ദു സമൂഹത്തെ ഏകീകരിക്കാന്‍ പരസ്പര സഹകരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ സവര്‍ക്കര്‍ താണജാതിക്കാരുമായി ഇടപെടുകയും അവരുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു. സവര്‍ക്കര്‍ യാഥാസ്ഥിതികനും മതതീവ്രവാദിയുമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. ഇടതുപക്ഷ മതേതര ചരിത്രകാരന്‍മാര്‍ വരുത്തിവെച്ച ചിന്താധാരയാണത്. എന്നാല്‍ യുക്തിവാദവും ശാസ്ത്രീയ ചിന്തയും സവര്‍ക്കറുടെ ലേഖനങ്ങളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥം. മുതലാളിത്തത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.
ഖിലാഫത്ത് നേതാവും ആലി സഹോദരന്‍മാരില്‍ ഒരാളുമായ ഷൗക്കത്തലി സവര്‍ക്കറെ നേരില്‍ കാണാന്‍ വസതിയിലെത്തി. തുര്‍ക്കിയിലെ ഖാലീഫയ്‌ക്കുവേണ്ടി സമരം ചെയ്ത് പരാജയപ്പെട്ട തുര്‍ക്കി തന്നെ കമാല്‍ പാഷയുടെ കയ്യിലായ ചരിത്ര സന്ധിയിലാണ് ഷൗക്കത്തലി സവര്‍ക്കറെ കാണാന്‍ എത്തുന്നത്. അവര്‍ തമ്മില്‍ ഹിന്ദു-മുസ്ലിം സൗഹൃദം, ഖിലാഫത്ത് എന്നീ വിഷയങ്ങളില്‍ നടത്തിയ സംഭാഷണം മിക്ക മറാത്ത പത്രങ്ങളും പ്രാധാന്യത്തോടെ കൊടുക്കുകയുണ്ടായി. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.
ഷൗക്കത്തലി: ഞാന്‍ നിങ്ങള്‍ക്ക് വളരെ മുമ്പേ അയച്ച സന്ദേശം ലഭിച്ചുവോ?
സവര്‍ക്കര്‍: ഞാനത് ശ്രദ്ധാപൂര്‍വ്വം വായിച്ചു. ഹിന്ദു- മുസ്ലിം ഐക്യത്തിന് തടസ്സമായി നിങ്ങള്‍ കാണുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനുള്ള എന്റെ ശ്രമത്തെയാണ്.
ഷൗക്കത്തലി: അത് അന്തരീക്ഷം കലുഷിതമാക്കുന്നു. മുസ്ലിം സമൂഹം ചോദിക്കുന്നത് ഹിന്ദുക്കള്‍ ഒന്നിക്കാന്‍ പോവുകയാണെങ്കില്‍ എന്തുകൊണ്ട് മുസ്ലീങ്ങള്‍ക്കും ഒന്നിച്ചു കൂടാ എന്നാണ്. ഇങ്ങനെ മുഴുവനാക്കാത്ത സംവാദത്തിനു ശേഷം പരസ്പരം കൈ കൊടുത്ത് അവര്‍ പിരിഞ്ഞു.
ഗാന്ധിവധത്തെ തുടര്‍ന്ന് പലഭാഗത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി. മഹാരാഷ്‌ട്രയില്‍ ഹിന്ദുമഹാസഭ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. സവര്‍ക്കറെ ഗാന്ധിവധത്തില്‍ എട്ടാം പ്രതിയായി അറസ്റ്റ് ചെയ്തു. എന്നാല്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ തനിക്കു പങ്കില്ലെന്നും, അദ്ദേഹവുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും, എക്കാലത്തും താന്‍ ഭാരതത്തിന്റെ വിഭജനത്തിനെതിരായിരുന്നുവെന്നും അതില്‍ വ്യക്തമാക്കി. സവര്‍ക്കര്‍ക്ക് ഗൂഢാലോചനയില്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കി. 1966 ഫെബ്രുവരി 3 മുതല്‍ മരണം വരെ ഉപവാസം കിടന്ന സവര്‍ക്കര്‍ ഫെബ്രുവരി 26 മരണത്തിന് കീഴടങ്ങി.
ആരാണ് സവര്‍ക്കറെന്നും അദ്ദേഹത്തിന്റെ ഹിന്ദുത്വ ദര്‍ശനം എന്താണെന്നും പുതുതലമുറ അറിയേണ്ടതുണ്ട്. സവര്‍ക്കറുടെ രാഷ്‌ട്രീയ ചിന്തകളും ഹിന്ദുത്വ ആശയത്തിന്റെ രൂപീകരണവും വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒരു പുസ്തകമാണിത്. തമസ്‌കരിക്കപ്പെട്ട യഥാര്‍ത്ഥ ചരിത്രസംഭവങ്ങള വ്യക്തമായി അവതരിപ്പിച്ചതുകൊണ്ട് തന്നെ ഭാരത ചരിത്രവും രാഷ്‌ട്രീയവും പഠിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ കൃതി.
സവര്‍ക്കറും ഹിന്ദുത്വ രാഷ്‌ട്രീയവും
പ്രൊഫ.ടി.പി. സുധാകരന്‍
കറന്റ് ബുക്‌സ്
₹170/
9447087681
















