”പയ്യന്‍ പായ ചുരുട്ടി എഴുന്നേറ്റു. കൃത്യത്തിന്റെ മുറ തെറ്റി എന്നു മനസ്സിലായപ്പോള്‍ വീണ്ടും കിടന്ന്, എഴുന്നേറ്റശേഷം പായ ചുരുട്ടി.” ഒരു വി.കെ.എന്‍. കഥയിലെ വാക്യമാണിത്. ഭാഷയുടെ സാമാന്യഗതിയെ ചുരുട്ടിനിവര്‍ക്കുന്ന കരകൗശലത്തിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം മറ്റെന്തുണ്ട്. ‘ഭാഷയ്‌ക്കുള്ളില്‍ ഭാഷ തീര്‍ക്കുക’ എന്നാണ് മഹാകവി അക്കിത്തം ഈ വൈഭവത്തെ നിരീക്ഷിച്ചത്. ഭാഷയുടെ സമ്പ്രദായങ്ങളെ ഭാവഭദ്രമായി മാറ്റിപ്പണിയുമ്പോഴാണ് അത് സര്‍ഗാത്മകമാവുന്നത്. ഭാഷയുടെ കല എന്ന് അതിനെ വിളിക്കാം.
നവപരിപ്രേക്ഷ്യത്തിലൂടെ ലോകത്തെ അഭിവീക്ഷണം ചെയ്തുകൊണ്ട് വിചാരവികാരങ്ങളെ വ്യത്യസ്തമായ ലാവണ്യശോഭയോടെ സംക്രമണം ചെയ്യുന്നതിനെയാണ് സര്‍ഗാത്മകത എന്നു പറയുന്നത്. പ്രതിഭയും ഭാവനയും പ്രയോഗസിദ്ധിയും സംയോജിക്കുന്ന ധിഷണാപരമായ ഈ പ്രക്രിയ തന്നെയാണ് കല. വാക്ക്, രൂപം, ശബ്ദം, ചലനം എന്നി ഉപാധികളിലൂടെയുള്ള ആവിഷ്‌കാരമാര്‍ഗങ്ങളാണ് അതിനുള്ളത്. വാക്കും അര്‍ഥവും തമ്മിലുള്ള മേളനത്തിന്റെ ബഹിര്‍സ്ഫുരണം ഭാഷയായി അനുഭവപ്പെടുന്നു. കേവലമായ ആശയവിനിമയം മാത്രമല്ല ഭാഷയുടെ ധര്‍മ്മം. ഒരാളിന്റെയോ ഒരു സമൂഹത്തിന്റെയോ വികാരവിചാരങ്ങള്‍ മറ്റൊരാളിലേക്കും സമൂഹത്തിലേക്കും പ്രസരിക്കുന്നതോടൊപ്പം അവരില്‍ അനവധിയായ പുതുചിന്തകളും പലതരം വികാരതരംഗങ്ങളും ഉണര്‍ത്താനും കഴിയണമെങ്കില്‍ ഭാഷ സവിശേഷമായി ഉപയോഗിക്കണം.
സാമാന്യമായി ഉപയോഗിക്കുന്ന ഭാഷാശൈലികളും പദപ്രയോഗങ്ങളും മാത്രം മതിയാവില്ല ഭാഷ സര്‍ഗാത്മകമാക്കാന്‍. എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവളില്‍ ഇങ്ങനെ ഒരു വര്‍ണനയുണ്ട്: ”ജീവാബിജത്തിന്റെ നിറവും ക്രൗഞ്ചദ്വീപിന്റെ നിശ്ശബ്ദതയുമാര്‍ന്ന പ്രഭാതത്തില്‍…” പ്രാഥമിക പ്രകൃതിദൃശ്യങ്ങളില്‍ നിന്നെടുത്തവയാകയാല്‍ ഉപമാനങ്ങള്‍ സാര്‍വലൗകികമായിരിക്കണം എന്നാണ് പറയാറ്. അപ്പോഴേ ഉപമേയത്തെ ഭാവനയില്‍ അനുഭവിക്കാന്‍ അനുവാചകന് കഴിയൂ എന്നാണ് അലങ്കാരശാസ്ത്രം വിധിക്കുന്നത്. എന്നാല്‍ ഉപമാനത്തെ ഭാവനകൊണ്ട് സൃഷ്ടിച്ചെടുക്കാവുന്ന തരത്തില്‍ സംവേദനത്തിന്റെ മറ്റൊരു വിതാനത്തിലേക്ക് നയിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ജീവാബീജത്തിന്റെ നിറമോ ക്രൗഞ്ചദ്വീപിന്റെ നിശ്ശബ്ദതയോ നമ്മുടെ അനുഭവപരിധിയിലില്ലാത്ത അതീന്ദ്രിയതലമാണ്. നോവലിന്റെ മൊത്തം വായനയുടെ തരംഗദൈര്‍ഘ്യവുമായി താദാത്മ്യംകൊള്ളുന്ന അനുവാചകഹൃദയത്തില്‍ മാത്രം ഇന്ദ്രിയഗോചരമാകുന്ന ഒരു മായികാനുഭവമാണ് അത്. എഴുത്തുകാരന്‍ ഒരു പുതുഭാഷ സൃഷ്ടിക്കുകയാണിവിടെ.
ഇതുപോലെ മറ്റൊരു വായനാനുഭവമാണ് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഒരു വാക്യം. ”സായംസന്ധ്യകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ തുന്നിച്ചേര്‍ത്ത ഈ പുനര്‍ജനിയുടെ കൂട് വിട്ട് ഞാനിതാ യാത്രയാവുന്നു.” ‘സായംസന്ധ്യകളുടെ അച്ഛാ’ എന്ന പ്രയോഗം വ്യാകരണനിയമങ്ങള്‍ക്ക് നിരക്കുന്നതല്ല. ‘സായംസന്ധ്യകളിലെ അച്ഛാ’ എന്നാവണം സാമാന്യമായ വാക്യവിധി. പ്രത്യയപ്രയോഗം മാറ്റിപ്പിടിച്ചുകൊണ്ട് സാംയംസന്ധ്യകള്‍ക്ക് ആശയാതീതമായ മറ്റൊരു മാനം കൊടുക്കുകയാണ് വിജയന്‍. എഴുത്തിന്റെ ഭാവതലത്തിനനുസരിച്ച് ഭാഷാനിയമങ്ങള്‍ ഉടച്ചുവാര്‍ക്കല്‍. പുതിയ രചനാസങ്കേതങ്ങളിലൂടെ എഴുത്തുകാരന്‍ ഭാഷയെത്തന്നെ പുനഃസൃഷ്ടിക്കുകയാണ്. ‘ധര്‍മ്മപുരാണം’ എന്ന തന്റെ നോവലിലെ ഭാഷയെക്കുറിച്ച് വിജയന്‍ ഉപയോഗിച്ച വിശേഷണം ‘അസൗന്ദര്യത്തിന്റെ സൗന്ദര്യം’ എന്നാണ്. ഇത്തരം പദച്ചേരുവകള്‍ ഭാഷയെ വശ്യമാക്കുന്നുണ്ട്.
മഹാകവി അക്കിത്തം പ്രസംഗത്തിനിടയില്‍ ഉപയോഗിച്ച ഒരു പ്രയോഗമുണ്ട്, ”നാമൊന്നും ഇരുമ്പുലക്കവാട്ടി കോണകമുടുത്തവരല്ലല്ലോ” എന്ന്. അപ്പോള്‍ മാത്രം മുളച്ചുവരുന്ന അത്തരം പ്രയോഗത്തിലൂടെ വിവരണാതീതമായ ആശയസംവേദനമാണ് സാധ്യമാവുന്നത്. ഗദ്യഭാഷയുടെ ചാരുത പകരുന്ന അത്തരം ചില പ്രയോഗങ്ങള്‍ അക്കിത്തം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ‘ആകാശം പോലുള്ള ഹൃദയം കീശയിലിട്ടു നിരത്തിലിറങ്ങിയ മനുഷ്യന്‍’ എന്ന് ‘ഉപനയനം’ എന്ന പുസ്തകത്തില്‍ ഇടശ്ശേരിയെ വിശേഷിപ്പിച്ചത് അതിലൊന്നാണ്.
പുതിയ പദക്കൂട്ടുകളുണ്ടാക്കുകയും പദങ്ങളെ സവിശേഷമായി പ്രയോഗിക്കുകയും ചെയ്യുന്നത് ഭാഷയെ സര്‍ഗാത്മകമാക്കുന്നതിന്റെ ഭാഗമാണ്. ഡി.വിനയചന്ദ്രന്റെ ‘വിനയചന്ദ്രിക’ എന്ന കവിതയില്‍ ”കുളിരുള്ള തീയായ ഞാനൊത്ത പ്രണയിനി” എന്നൊരു വരിയുണ്ട്. തീയുടെ വിരുദ്ധഗുണമാണ് തണുപ്പ്. ഈ വൈരുദ്ധ്യത്തെ പരസ്പരം ചാലിച്ച് പുതിയൊരു പദസങ്കലനം നടത്തുകയാണ് കവി. അതിലൂടെ അവാച്യമായ സൗന്ദര്യാനുഭൂതി വായനക്കാരിലേക്ക് പകരുന്നു. ‘എനിക്കൊത്ത പ്രണയിനി’ എന്നല്ല, ‘ഞാനൊത്ത പ്രണയിനി’ എന്നാണ് പ്രയോഗം. വിജയന്‍ ചെയ്തതുപോലെ വൈയാകരണരെ വിറളിപിടിപ്പിക്കുന്ന, ഭാഷയിലെ മറ്റൊരു കല.
പ്രൊഫ. കെ.പി. ശശിധരന്റെ ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ പേര് ‘നിണബാലി’ എന്നാണ്. ബാലിദ്വീപിനെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഇന്തോനേഷ്യയില്‍നിന്ന് കമ്യൂണിസത്തെ ഉന്മൂലനം ചെയ്യാന്‍ 1965 ആരംഭിച്ച രക്തപങ്കിലമായ സംഹാരത്തിന്റെ ചരിതം പറയുന്ന അധ്യായമാണത്. അത്യുത്തരകേരളത്തിലെ ‘നിണബലി’ എന്ന കലാരൂപത്തിന്റെ അനുഷ്ഠാനപരതയെ മറ്റൊരര്‍ഥത്തില്‍ വ്യഞ്ജിപ്പിക്കുകയാണ് ആ ശീര്‍ഷകത്തിലൂടെ ലേഖകന്‍ ചെയ്യുന്നത്. അനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കുന്ന ബാലിജനതയുടെ സംസ്‌കാരത്തിലേക്കുള്ള ഒരു വെളിച്ചം. രൂപസാമ്യമായ പുതിയ പദക്കൂട്ട് ഉണ്ടാക്കിക്കൊണ്ട്.
എസ്.കെ. പൊറ്റെക്കാട് എഴുതിയ ‘ബാലിദ്വീപ്’ എന്ന പ്രസിദ്ധമായ യാത്രാവിവരണഗ്രന്ഥം മിഗല്‍ കൊവറൂബയ എന്ന മെക്‌സിക്കന്‍ കലാകാരന്റെ ‘കഹെമിറ ീള ആമഹശ’ എന്ന പുസ്തകത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗവും കോപ്പിയടിച്ചും ‘പദാനുപദ’ വിവര്‍ത്തനം നടത്തിയും എഴുതിയതാണ് എന്ന് വ്യക്തമായ തെളിവു സഹിതം സമര്‍ഥിക്കുന്ന പുസ്തകം കൂടിയാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ’. ‘കടങ്കഥ’ എന്നല്ല ലേഖകന്‍ ഉപയോഗിച്ചത്, ‘കടംകഥ’ എന്നാണ്. രണ്ട് സമസ്തപദങ്ങളുടെയും ആശയം ഒന്നാണെങ്കിലും രണ്ടാമത്തെ പ്രയോഗത്തില്‍ കടംകൊണ്ട കഥ എന്ന അര്‍ഥം മുഴച്ചുനില്ക്കുന്നുണ്ട്. കടങ്കഥ പോലെ, എളുപ്പം ഉത്തരം കിട്ടാത്ത ചോദ്യമായി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ബാലിയുടെ വിശേഷങ്ങള്‍ എന്ന അര്‍ഥത്തിലും ഈ ശീര്‍ഷകം പ്രസക്തമാണ്. ഈ പുസ്തകത്തിലുടനീളം എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്ന പുതുശൈലികളും പദച്ചേരുവകളും വിമര്‍ശനത്തിന്റെ പ്രസരണശേഷിയും പ്രഹരശേഷിയും അതിശയകരമാംവിധം കൂടുന്നതു കാണാം. ”യാത്രാവിവരണം വിതച്ച് യാത്രാവിവര്‍ത്തനം കൊയ്ത” എന്നൊരു പ്രയോഗം ഇതിലുണ്ട്. ഭാഷയെ എങ്ങിനെ കലാപരമായി ഉപയോഗിക്കാമെന്ന തിരിച്ചറിവാണ് ഈ പുസ്തകം നമ്മെ വായിപ്പിക്കുന്നത്. ഇതില്‍ ‘ലോകലഘു’ എന്ന ഒരു വിപരീതപദം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത് കാണാം. ‘ലോകഗുരു’ എന്ന പരിചതപദത്തെ തിരിച്ചിട്ടുകൊണ്ട്. അര്‍ഥവ്യതിയാനങ്ങള്‍ക്കായി ഭാഷയില്‍ എഴുത്തുകാരനെടുക്കുന്ന ഈ സ്വാതന്ത്ര്യം സര്‍ഗാത്മകതയുടെ ഭാഗമാണ്.
ആഷാമേനോന്റെ ‘പയസ്വിനി’ എന്ന പുസ്തകത്തിലെ ‘ഋതത്തിന്റെ പ്രസക്തി’ എന്ന അധ്യായത്തില്‍, ”ജീവിതത്തില്‍നിന്ന് ധര്‍മ്മം വാര്‍ന്നുകൊണ്ടിരിക്കുന്ന ഈ ബീഭത്സസന്ധിയില്‍” എന്ന ഒരു വാക്യമുണ്ട്. ‘വാര്‍ന്നുകൊണ്ടിരിക്കുന്ന’ എന്ന പ്രയോഗത്തിന്റെ സാംഗത്യം ശ്രദ്ധിക്കുക. അത് നമ്മുടെ മനസ്സിലുണ്ടാക്കുന്ന മിന്നലാഘാതം എന്തായിരിക്കും. ശരീരത്തില്‍നിന്ന് ചോര വാര്‍ന്നുപോയി ജീവന്‍ നഷ്ടപ്പെടുന്ന അനുഭവം, ധര്‍മ്മം നഷ്ടമാവുമ്പോള്‍ സമൂഹജീവിതത്തിന്റെ മൃത്യു ആഗതമാവുന്നു എന്ന തോന്നല്‍. വാക്കുകള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്ന സവിശേഷമായ ആവൃത്തി.
ഒരാശയത്തെ വിനിമയം ചെയ്യുന്നതുപോലയല്ല ഒരു വികാരത്തിന്റെ പകര്‍ച്ച. അതിനായി ഭാഷയോട് ചില അനുബന്ധസാമഗ്രികള്‍ (ഏമറഴല)േ ചേര്‍ത്താലും മതിയാവില്ല. ഭാഷയ്‌ക്കുള്ളില്‍ വികാരത്തെ ലയിപ്പിച്ചുചേര്‍ക്കുക എന്ന കുശലത കൈവരണം. തിരുവാതിരരാത്രിയില്‍ തൊടിയിലേക്ക് കണ്ണയച്ച് വീട്ടുവരാന്തയിലിരിക്കുമ്പോള്‍ കാണുന്ന കാഴ്ച, ഇങ്ങനെ വിവരിക്കാം: ”ഹേമന്തരാത്രിയില്‍ നിലാവില്‍ക്കുളിച്ചുനില്ക്കുന്ന തെങ്ങിന്‍തോപ്പിന്റെ ഗ്രാമീണദൃശ്യം”. അത്തരമൊരു പത്രപ്രസ്താവന പോരായിരുന്നു വൈലോപ്പിള്ളിക്ക്, തന്റെ ‘ഊഞ്ഞാല്‍’ എന്ന കവിതയില്‍.
”ആതിരപ്പെണ്ണിന്നാടാന്‍ അമ്പിളി വിളക്കേന്തും
ആയിരംകാല്‍ മണ്ഡപമാകുമീ നാട്ടിന്‍പുറം”
എന്നാണ് വരികള്‍. ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം സ്വന്തം തറവാട്ടില്‍ തിരിച്ചെത്തിയ ഏകരും നിരാലംബരുമായ ആ വൃദ്ധദമ്പതികള്‍ അവരുടെ പുഷ്‌കലമായ ഗതകാലസ്മൃതിയിലേക്ക് സഞ്ചരിക്കുകകൂടിയാണ്. കൗമാരയൗവ്വനങ്ങളിലെ തിരുവാതിരകൂടലിന്റെ സുഖദമായ ഓര്‍മ്മകളാണ് അവരുടെ അകക്കണ്ണില്‍ നിറയുന്നത്. അതിന് ഉചിതമായ ഒരു രൂപകം വരികളില്‍ ചാര്‍ത്തുകയായിരുന്നു കവി. ഊഞ്ഞാല്‍ കെട്ടിയ മാവിന്റെ നിഴല്‍ നിലാവത്തു കാണുന്നത്, ”നിഴല,ല്ലിളമാന്‍ ദീര്‍ഘപാംഗന്‍ നിദ്ര കൊള്ളുകയത്രേ”എന്നു പറയുമ്പോള്‍ അത് രൂപകത്തിനുമപ്പുറം മറ്റൊരു കാവ്യകലയാവുകയാണ്. ”സ്വന്തം ഓര്‍മയുടെ വേരുതേടി ആവുന്നത്ര പിന്നോക്കം പോകുക മാത്രമാണ് മിക്കപ്പോഴും കവിക്കു ചെയ്യാന്‍ കഴിയുന്നത്. തന്നില്‍നിന്നു ബാഹ്യമായ വസ്തുക്കളില്‍ സ്വന്തം ഉണ്മയുടെ ഒരംശം നിഴലിച്ചു കാണുമ്പോഴാണ് കവിക്ക് അതിനെ ആവിഷ്‌കരിക്കാം എന്നു തോന്നുന്നത്. വിഷയം സ്വന്തം വ്യക്തിത്വത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ കവിതയുടെ ബീജം മുളപൊട്ടുന്നു.” എന്നാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ഭാഷയുടെ ഈ കലയെ നിരീക്ഷിക്കുന്നത്.
ഉപയോഗിക്കുന്ന വാക്യത്തിന്റെ ഘടന ചില സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരന് പുനഃക്രമീകരിക്കേണ്ടി വന്നേക്കാം. തന്റെ ചിന്തയുടെ ഊന്നലുകള്‍ അതേപടി അനുവാചകരിലേക്ക് പകരാന്‍. അര്‍ഥതലത്തിനേക്കാള്‍ അതിന്റെ ചൂണ്ടലിനാണ് അവിടെ പ്രാമുഖ്യം. എഴുത്തിന് പുതുചാരുതയും വായനയ്‌ക്ക് പുതുതാളവും അത് പകരുന്നുണ്ടാവും. ‘ചങ്ങാതീ, ആരെയാണ് പിന്തുടരുന്നത്’ എന്ന ലേഖനത്തിന്റെ തുടക്കത്തില്‍ കല്പറ്റ നാരായണന്‍ എഴുതുന്ന ഒരു വാക്യമുണ്ട്: ”മാറിക്കൊണ്ടിരിക്കയാണല്ലോ ചന്തകളിലൂടെ നമ്മുടെ ഗ്രാമങ്ങള്‍, നഗരങ്ങളായി” എന്ന്. വകതിരിവില്ലാത്ത ചില എഡിറ്റര്‍മാര്‍ അതിനെ ‘ചന്തകളിലൂടെ നമ്മുടെ ഗ്രാമങ്ങള്‍ നഗരങ്ങളായി മാറിക്കൊണ്ടിരിക്കയാണല്ലോ’ എന്ന് തിരുത്തിക്കളയും. വാക്യത്തിന്റെ സാമാന്യാര്‍ഥത്തിനപ്പുറം വായനക്കാരന്റെ വിചാരങ്ങളുടെ സഞ്ചാരപഥത്തിന് എഴുത്തുകാരന്‍ ഒരു ക്രമം നിശ്ചയിക്കുമ്പോഴാണ് ഭാഷ സര്‍ഗത്മകമാവുന്നത്.
പറയാനുള്ളത് എത്രമാത്രം കുറുക്കിക്കുറുക്കി പറയാമെന്നിടത്ത് ഭാഷയുടെ കലാവൈഭവം കൂടുതല്‍ പ്രകടമാവുന്നത്. ചിലപ്പോള്‍ പൂര്‍ണവാക്യം ഉപയോഗിക്കേണ്ടി വരില്ല. കാക്കനാടന്റെ ഒരു കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ”കാറ്റ്. തണുപ്പ്. അരണ്ട വെളിച്ചം.” ഒരു അവസ്ഥാവിശേഷത്തെ വര്‍ണിക്കാന്‍ എഴുത്തുകാരന് ഇവിടെ മൂന്ന് പദങ്ങള്‍ നിരത്തിവയക്കുക മാത്രം ചെയ്താല്‍ മതി. നാം കാണുകയും അനുഭവിക്കുകയും ചെയ്ത ഈ ബിംബങ്ങളുടെ ധ്വനിസാധ്യതകളിലൂടെ കാണേണ്ടതും അനുഭവിക്കേണ്ടതും ആയ എന്തൊക്കെയോ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് ലളിതമായി വരച്ചുകാണിക്കുന്ന ആഖ്യാനതന്ത്രമാണിത്. എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ പുറത്തിങ്ങിയ കാലത്ത് പുകഴ്‌ത്തലുകാരുടെ മുഖത്തുനോക്കിക്കൊണ്ട് കുഞ്ഞുണ്ണി മാസ്റ്റര്‍ ഒരു നിരീക്ഷണം നടത്തി. ”രണ്ടാമൂഴത്തിലെ നായകന്‍ എം.ടി.ഭീമന്‍നായരാണ്’ എന്ന്. ആ നോവലിനെ നിശതമായി വിമര്‍ശിച്ചുകൊണ്ട് പലരും എഴുതിയ വലിയ വിമര്‍ശനഗ്രന്ഥങ്ങളേക്കാള്‍ ശക്തിയും വലുപ്പവുമുണ്ടായിരുന്നു ആ ചെറുവാക്യത്തിന്.
(തുടരും)
















