
സാഹിത്യവ്യവഹാരരൂപങ്ങളില്‍ മാത്രമല്ല, ഒരു സാധാരണ ഫേസ്ബുക്ക് കുറിപ്പും ഭാഷയുടെ സര്‍ഗാത്മകതകൊണ്ട് ശ്രദ്ധേയമാവുന്നത് നോക്കുക. കെ.ബാബുപ്രദീപിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്: ”ചോദ്യം – നാളെ പെരുമ്പാവൂരില്‍ അമ്പലത്തില്‍ രണ്ടു മേളം. ഒന്ന്, നടന്‍ ജയറാമിന്റേത്. രണ്ട്, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടേത്. ഏതിന് പോകും? ഉത്തരം – രണ്ടിനും പോകും. ഒന്നാമത്തേത് കണ്ടിട്ടു പോരും. രണ്ടാമത്തേത് കേട്ടിട്ടും.” ഉപയോഗിക്കുന്ന വാക്കുകളുടെ മിതത്വം. ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും അവതരണരീതി. പറഞ്ഞ വാക്കുകളിലൂടെ പറയാതെ പറഞ്ഞ വാക്കുകള്‍ക്ക് ലഭിക്കുന്ന ഓജസ്സ്. ഇതൊരു കലയാണ്.
ബിംബങ്ങള്‍ക്ക് വ്യത്യസ്തമായ നിറച്ചാര്‍ത്ത് നല്‍കുമ്പോള്‍ ഭാഷ കൂടുതല്‍ ആസ്വാദ്യമാവുകയും സംവേദനം അവാച്യമായ തലങ്ങളിലേക്ക് വികസിക്കുകയും ചെയ്യും. കാളിദാസന്‍ മുതല്‍ പുതുകവികള്‍ വരെ കാവ്യബിംബങ്ങളെ ഇങ്ങനെ സവിശേഷമായി ഉപയോഗിച്ചിട്ടുണ്ട്. ആര്‍.രാമചന്ദ്രന്റെ അപ്രകാശിതമായ ഒരു കവിത നോക്കുക.
”ഏതു സന്ധ്യയാണ്
എന്റെ കവിതയെ
കൊത്തിക്കൊണ്ടുപോയത്?
ഞാന്‍ ഇതിനെ തേടി
നടക്കുകയാണ്…
നക്ഷത്രങ്ങളില്‍…
ഞാന്‍ നിഴലായ്
മാറുന്നു.”
അദ്ദേഹത്തിന്റെ വിയോഗം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുകിട്ടിയ ഒരു തുണ്ടുകടലാസില്‍ അലസമായി കോറിയിട്ട വരികള്‍. രാമചന്ദ്രന്‍മാഷുടെ ഏതാണ്ടെല്ലാ കവിതയിലും നിറഞ്ഞുനില്‍ക്കുന്ന കാവ്യബിംബമാണ് സന്ധ്യ. ഒരേ കവിതയില്‍ത്തന്നെ വ്യത്യസ്ത ഭാവത്തില്‍ അത് നമ്മോട് സംവദിക്കും. ഒന്നിനെത്തന്നെ പലതായി അവതരിപ്പിക്കാന്‍ കഴിയുമ്പോള്‍ വായനക്കാരന്‍ പുതിയഭാവുകത്വത്തിലൂടെ കടന്നുപോവുകയായിരിക്കും. കവിതന്നെ പറയുന്നത് ഇങ്ങനെയാണ്: ”എന്റെ എല്ലാ കവിതകളിലും കാലഘട്ടത്തിന്റെയൊരു ക്രമം കാണാം. പ്രഭാതം-നട്ടുച്ച-സന്ധ്യ-രാത്രി, വീണ്ടും പ്രഭാതം. ജീവിതത്തിന്റെ യാന്ത്രികതയാണ് ഈ ഫോമിലൂടെ ഞാന്‍ വിവക്ഷിക്കുന്നത്.” ഒരേ ബിംബം നിരന്തരമായി ഉപയോഗിക്കുന്നതുമൂലം കവിത ഒരിക്കലും യാന്ത്രികമാവുന്നുമില്ല എന്നിടത്താണ് സര്‍ഗാത്മകത പ്രകടമാവുന്നത്.
സുദേവ് ബാണത്തൂര്‍ എന്ന നവകവിയുടെ ‘ഡാന്‍സിങ് ഗേള്‍’ എന്ന കവിത, അതേ പേരിലറിയപ്പെടുന്ന മോഹഞ്ചദാരോ ശില്‍പ്പത്തോട് കവി സംസാരിക്കുന്നതാണ്. ആ ശില്‍പ്പത്തെ ഒരു പ്രതീകമാക്കി ചരിത്രത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള സഞ്ചാരം.
”മെലൂഹ! മേലകം തന്നെ.
എള്ള് നമ്മള്‍ക്കൊന്നു തന്നെ.
നിന്റെ ഭാഷാഗോത്രമത്രെ
മലയാളവഴക്കങ്ങള്‍.”
ആലങ്കാരികഭാഷയുടെ ആടയാഭരണങ്ങളില്ലാതെ കവി ഛന്ദോബദ്ധമായി ഒരു പ്രസ്താവന നടത്തിപ്പോവുകയാണ്. ചില വരട്ടു കാവ്യവിചാരകര്‍ വെറുമാരു പദ്യശകലം മാത്രമല്ലേ ഇത് എന്ന് കോപംകൊണ്ടേക്കാം. കവിതയിലേക്ക് നനഞ്ഞിറങ്ങുമ്പോള്‍ അതിലെ ഓരോ പ്രസ്താവനയും ചരിത്രസത്യങ്ങളുടെ ഒരോ വികാരബിന്ദുക്കളായി നമ്മെ വലയം ചെയ്യുന്നതായി അനുഭവപ്പെടും. കാവ്യവാങ്മയത്തിന്റെ വിസ്മയത്തില്‍ നമ്മുടെ ചേതന സഹസ്രാബ്ദങ്ങള്‍ താണ്ടി കവിയുടെ തൂലികത്തുമ്പില്‍ പറന്നെത്തും. കവിവാക്കിന്റെ തീയില്‍ത്തപിച്ച് നമ്മുടെ മനസ്സിന്റെ ലോഹപാളികള്‍ തരളിതമാവും.
ഉണ്ണിക്കൃഷ്ണന്‍ കീച്ചേരി എന്ന യുവകവിയുടെ ‘വെളിച്ചം’ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
”യാത്രയ്‌ക്കൊടുവില്‍
ബുദ്ധനെ കണ്ടു.
ഒന്നും മിണ്ടിയില്ല.
ഒരു ഇല
കാറ്റില്‍ വീഴുന്നത്
കാണിച്ചുതന്നു.
അപ്പോള്‍ മനസ്സിലായി
വീഴാന്‍ പഠിക്കാത്തതുകൊണ്ടാണ്
ഞാന്‍ ഇത്രയും കാലം
ഭാരമായിരുന്നതെന്ന്.”
ബുദ്ധന്‍, കൊഴിഞ്ഞു വീഴുന്ന ഇല, ഞാന്‍, ഭാരം എന്നീ ബിംബങ്ങളുടെ സന്നിവേശംകൊണ്ട് ജീവിതാവസ്ഥയുടെ തിരിച്ചറിവിനെ എത്ര മനോഹരമായാണ് ഈ കവി വ്യഞ്ജിപ്പിച്ചെതെന്ന് നോക്കുക. ആ കവിതയിലൂടെ തുടര്‍ന്ന് സഞ്ചരിക്കുമ്പോള്‍ അനുവാചകഹൃദയത്തില്‍നിന്നുയരുന്ന വിചാരവികിരണങ്ങളെ കവി മാറിനിന്ന് നോക്കിക്കാണുന്നതായി തോന്നാം.
അനന്യമായ ചില പ്രയോഗങ്ങളിലൂടെ ഭാഷയെ പുതുക്കിപ്പണിയാറുണ്ട് എഴുത്തുകാര്‍. സാധാരണവും പരിചിതവുമായ രീതിയില്‍ പറഞ്ഞുപോരുന്നതിനിടയില്‍ അതേ ഒഴുക്കില്‍ അപ്രതീക്ഷിതമായി അപരിചിതമായ ചില മാറ്റിപ്പറയല്‍ വന്നുചേരുക. ആ വൈകാരികപ്രസരണത്തിലൂടെ പുതിയൊരു സംവേദനതലത്തിലേക്ക് ഭാഷ വളരുക. ബാലചന്ദ്രന്‍ ചുള്ളിക്കാട് അടുത്തകാലത്തെഴുതിയ ‘അന്ത്യയാമം’ എന്ന കവിത നോക്കുക.
”വേഷം കഴിഞ്ഞു;
തിരശ്ശീല വീഴുവാന്‍
ഭാഷയഴിച്ചിട്ടു
കാത്തുനില്‍ക്കുന്നു ഞാന്‍.
വാനം പിളര്‍ന്നു പുലരി വരുന്നതു
കാണാന്‍ പിരിയുന്നു കാണികളൊക്കെയും.”
‘ഭാഷയഴിച്ചിട്ടു കാത്തുനില്‍ക്കുക’ എന്ന പ്രയോഗം വരികളില്‍ സൃഷ്ടിക്കുന്ന വൈദ്യുതതരംഗമാണ് ആ കവിതയുടെ ജീവസ്പന്ദം. പറഞ്ഞുപോരുന്ന ഒരു പ്രസ്താവന വ്യത്യസ്തമായ ഏതൊക്കെയോ തലങ്ങളിലേക്ക് ഉയരുകയാണ്. അതിന്റെ അനുബന്ധമായി ‘വാനം പിളര്‍ന്നു പുലരി വരുന്നു’ എന്നു പറയുമ്പോള്‍ വിതാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പകര്‍ന്ന് അനേകവായനയുടെ കമ്പനമായി പടരുകയാണ് അത്.
ഭാഷ ഒരു ഉപാധിയും ഉപകരണവുമാണ്. വാഹനവുമാണ്. മനുഷ്യചിന്തയുടെ. മനുഷ്യവികാരത്തിന്റെ. സ്വയമറിയലിന്റെ. അന്യോന്യമറിയലിന്റെ. കാലത്തിന്റെ പരിമാണങ്ങളെ ഭേദിച്ചുള്ള പകര്‍ച്ചകള്‍ക്ക് ഭാഷ സന്നദ്ധമാവുന്നത് അതില്‍ കല ഉള്‍ച്ചേരുമ്പോഴാണ്. ചിലപ്പോള്‍ ഋജുത്വമാവാം, ചിലപ്പോള്‍ വക്രതയാവാം, ചിലപ്പോള്‍ സാരള്യമാവാം, ചിലപ്പോള്‍ ഗഹനതയാവാം. ചേരുവകള്‍ മാറിക്കൊണ്ടിരിക്കും. എഴുത്തുകാരന്റെ പ്രതിഭയും യുക്തിയും ഭാവനയും മാത്രമാണ് അതിന്റെ മാപിനികള്‍. കരിങ്കല്ലും അജന്താശില്‍പ്പവും ഒരേ പദാര്‍ഥം തന്നെ. എന്നാല്‍ രണ്ടിന്റെ മിഴിവും രണ്ടാണുതാനും. ഒരു ശില്‍പ്പി എന്നതുപോലെ എഴുത്തുകാരന് പദാര്‍ഥം, പദത്തിന്റെ അര്‍ഥം, ആവശ്യത്തിനനുസരിച്ച് രൂപപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഭാഷ സര്‍ഗാത്മകമാവുന്നത്. കലയാവുന്നത്.
പ്രകൃതിയിലെ ഏതൊന്നിനും നിഗൂഢമായ ഒരു താളമുണ്ട്. അത് തോറ്റിയുണര്‍ത്തി ഭംഗിപ്പെടുത്തി ബാഹ്യവത്ക്കരിക്കുന്ന പ്രക്രിയയാണ് കല. വാക്കില്‍ നിമഗ്നമായ താളം പുറത്തെടുക്കുമ്പോള്‍ സാഹിത്യമാവുന്നു. രൂപത്തിലും നിറത്തിലുമുള്ള താളം പ്രകടമാവുമ്പോള്‍ ചിത്രവും ശില്‍പ്പവുമാവുന്നു. ശബ്ദത്തിലുള്ള താളം ക്രമീകൃതമാവുമ്പോള്‍ സംഗീതവും ചലനത്തിലേത് നൃത്തവും നാട്യവും ആയിത്തീരുന്നു. നമ്മുടെ സാമാന്യപരിചയത്തിലുള്ള വാക്ക്, രൂപം, ശബ്ദം, ചലനം എന്നതിനപ്പുറത്ത് ഇന്ദ്രിയപരിമിതികളെ മറികടക്കുന്ന തരത്തില്‍ അവയെ മനസ്സില്‍ രൂപപ്പെടുത്തുകയെന്നതാണ് കലയുടെ ധര്‍മ്മം. അവിടെ ഓരോന്നിന്റെയും ഭൗതികസാന്നിധ്യമല്ല സംവേദനക്ഷമമാവുന്നത്. സഹൃദയന്റെ മനസ്സാണ് യഥാര്‍ഥ രംഗവേദിയും കാഴ്ചശാലയും കാന്‍വാസും ഉച്ചഭാഷിണിയുമാവുന്നത്. സങ്കല്‍പ്പനത്തെ എത്രമാത്രം ഉദാത്തീകരിക്കുന്നു എന്നിടത്താണ് കല സഫലമാവുന്നത്.
ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരിവാദനം കേട്ടിരിക്കുന്ന ഒരാളിന്റെ മനസ്സിലെ ഭാവതരംഗമാണ് വാന്‍ഗോഗിന്റെ പെയിന്റിങ്ങുകള്‍ കാണുമ്പോള്‍ മറ്റൊരുതലത്തില്‍ വികിരണം ചെയ്യുന്നത്. കേളുചരണ്‍ മഹാപാത്രയുടെ ഒഡിസ്സി നൃത്തം കാണുമ്പോഴും കൊണാറകിലെ നൃത്തശില്‍പ്പങ്ങള്‍ കാണുമ്പോഴും ഇതേ ഊര്‍ജപ്രസരണമാണ് സംഭവിക്കുന്നന്നത്. ‘കര്‍ണഭാരം’ എന്ന ഭാസന്റെ സംസ്‌കൃതനാടകം കാവാലം അവതരിപ്പിക്കുമ്പോള്‍ ഭാഷയറിയാത്തവര്‍ക്കും അസാധാരണമായ അനുഭൂതിയിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നു. കലയുടെ ഭാഷയില്‍ വാക്കുകള്‍ക്ക് പരിമിതമായ സ്ഥാനം മാത്രമേയുള്ളൂ. എല്ലാ കലകളും മനസ്സിനെ ആനന്ദിപ്പിക്കാനുള്ളതാണ്. ആ ആനന്ദം ചരാചരപ്രേമമായി വികസിക്കുന്നതാണ് സംസ്‌കാരം. പ്രകൃതിയേയും മനുഷ്യനെയും വേര്‍തിരിച്ചു കാണാത്ത, പാരസ്പര്യത്തിന്റെ സമന്വയീഭാവം നമുക്ക് ലഭിക്കുന്നത് അങ്ങിനെയാണ്.
നിറങ്ങളും വരകളുമാണ് ചിത്രത്തിന്റെ ഭാഷ. നിറങ്ങള്‍ പ്രകൃതിയിലുള്ളതുതന്നെ. രേഖകള്‍ പ്രകൃതിയിലില്ല. ത്രിമാന തലത്തില്‍ രേഖകള്‍ ആണെന്ന ചില തോന്നലുകള്‍ മാത്രമേ ഉള്ളൂ. ദ്വിമാനമായ പ്രതലത്തില്‍ ചിത്രകാരന്‍ പുതുതായി സൃഷ്ടിക്കുന്ന സങ്കേതം മാത്രമാണ് രേഖ. വരകളുടെയും വര്‍ണത്തിന്റെയും വിന്യാസത്തിലൂടെ രൂപത്തിന്റെ ഒരു ഭാവലയമാണ് ചിത്രങ്ങളില്‍ നാം അനുഭവിക്കുന്നത്. ഒരു തലത്തെ (ടുമരല) സവിശേഷമായി അടയാളപ്പെടുത്തുകയാണ് ചിത്രരചനയിലൂടെ ചെയ്യുന്നത്. ആശയവിനിമയമല്ല. അനുഭവപ്പകര്‍ച്ച മാത്രമാണ് അവിടെ സംവേദനം. നമ്മുടെ കാഴ്ചയെ സവിശേഷമായ ഒരു പരിപ്രേക്ഷ്യത്തിലേക്ക് നയിക്കുകയും, അതുവഴി മനസ്സില്‍ വ്യത്യസ്തമായ ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയുമാണ് ചിത്രങ്ങള്‍. പ്രകാശത്തിന്റെ സന്നിവേശമാണ് ചിത്രരചനയുടെ ഭാഷ. അത് കാഴ്‌ച്ചക്കാരനുമായി നേരിട്ടു സംവദിക്കുന്നു. ഓരോ മനസ്സിന്റെയും മാപിനിയിലൂടെ അതിന്റെ ആസ്വാദനം വ്യത്യസ്ത ഭൂമികയായി പരിണമിക്കുകയാണ്.
നാദമാണ് സംഗീതത്തിന്റെ ഭാഷ. അത് സാര്‍വലൗകികവും സാര്‍വകാലികവുമാണ്. എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നത് ആയതിനാല്‍ സംഗീതം മറ്റ് കലകളില്‍നിന്ന് വിഭിന്നമാണ്. അതിനാല്‍ അത് ലളിതകല ആവുന്നു. മനുഷ്യമനസ്സിനെ വിമലീകരിക്കാനും അവാച്യമായ നിര്‍വൃതിയിലേക്ക് നയിച്ച് പ്രശാന്തമാക്കാനും കഴിവുള്ള കലയാണ് സംഗീതം. ശബ്ദവിന്യാസത്തിന്റെ ക്രമികമായ താളത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന അനുഭൂതിയിലേക്ക് നയിക്കാനുതകുന്നതാണ് സംഗീതഭാഷ. ആശയവിനിമയമല്ല, വൈകാരികംസക്രമണമാണ് അവിടെയും.
ശരീരചലനങ്ങളിലെ നിഗൂഢമായ താളത്തെ ഭംഗിപ്പെടുത്തി ബാഹ്യവത്ക്കരിക്കുന്നതാണ് നൃത്തം. നൃത്തത്തിലൂടെ ശരീരോര്‍ജത്തെ നിയന്ത്രിതവും ക്രമീകൃതവുമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. ഏതൊരു കലയ്‌ക്കും എന്നപോലെ നൃത്തത്തിനും പ്രധാനമായി രണ്ടു ഭാഗങ്ങളുണ്ട്. രൂപശില്‍പ്പവും ഭാവശില്‍പ്പവും. കഥയോ സന്ദര്‍ഭമോ ആശയമോ മനസ്സിലുണര്‍ത്തുന്ന വൈകാരിതയുടെ സന്നിവേശത്തെയാണ് ഭാവശില്‍പ്പം എന്നു പറയുന്നത്. ഭാവശില്‍പ്പനിര്‍മ്മിതി സാധ്യമാക്കുന്ന, താളനിബദ്ധമായ ശരീരചലനമാണ് രൂപശില്‍പ്പം. രണ്ടിന്റെയും പാരസ്പര്യം നൃത്തത്തിന്റെ ഭാഷയും. രൂപശില്‍പ്പത്തില്‍നിന്ന് ഊറിവരുന്ന ഭാവശില്‍പ്പവും ഭാവശില്‍പ്പത്തിലൂടെ അനുഭവവേദ്യമാകുന്ന രൂപശില്‍പ്പവും ആസ്വാദനത്തിന്റെ വ്യത്യസ്ത മാത്രകളാണ്. ഒരോതരം നൃത്തരൂപങ്ങളും അതാതിന്റെ പരിമാണത്തനനുസരിച്ച ഭാഷയിലൂടെയാണ് വികസിച്ചത്.
ദൃശ്യമാണ് നാടകത്തിന്റെയും ചലച്ചിത്രത്തിന്റെയും ഭാഷ. അനൈച്ഛികത്വം, പ്രതിഭാന്വിതമായ മനസ്സിന്റെ ആകര്‍ഷണീയത, ഘടനയിലെ ആര്‍ജവം, ഏതു നിലവാരത്തിലുള്ളവരും ഏതു നിലയിലുള്ളവുരുമായി സംവേദനം ചെയ്യാനുള്ള കഴിവ്, ധ്വാന്യാത്മകതയയെക്കാള്‍ സമൂലക്രിയക്കുള്ള മുന്‍തൂക്കം, വാചികത്തെക്കാള്‍ ആംഗികത്തിനുള്ള പ്രാധാന്യം,സന്ദര്‍ഭങ്ങളുടെയും സംഭാഷണങ്ങളുടെയും സമന്വയം എന്നിവയാണ് ദൃശ്യകലകളില്‍ പ്രകടമാവുന്നത്. സംഗീതം, നൃത്തം, അഭിനയം, ചിത്രം, ശില്‍പ്പം, സാഹിത്യം തുടങ്ങി എല്ലാ കലാരൂപങ്ങളും നാടകകലയില്‍ സംയോജിക്കുന്നുണ്ട്. ഇവയെല്ലാം സങ്കേതബദ്ധമായി സമന്വയിപ്പിച്ചുള്ള ക്രിയാവിന്യാസത്തിലൂടെയാണ് കാണികളുമായി ഈ കലകള്‍ സംവദിക്കുന്നത്. ഓരോ പൂവ് വിടര്‍ന്നുവരുന്നതുപോലെ ദൃശ്യഭാഷയും പുതുക്കലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. ബാലിദ്വീപിലെ ‘ചപക്’ നൃത്തനാടകവും അക്കിരോ കുറോസോവയുടെ ‘ഡ്രീംസ്’ എന്ന ചലച്ചിത്രപരമ്പരയും നല്‍കുന്ന ദൃശ്യാനുഭവം ആ കലകളുടെ ഭാഷയായി മാറുകയും, അതീന്ദ്രിയമായ അനുഭൂതിയായി കാണികളെ വലയം ചെയ്യുകയുമാണ്.
വികാരഭാവങ്ങളുടെ വിനിമയം സാധ്യമാക്കുന്നവയാണ് എല്ലാ കലകളും. ആ വൈകാരികാനുഭവത്തിലൂടെ മനസ്സില്‍ ഊറിയുറയുന്ന ആശയതലത്തില്‍നിന്നാണ് ആസ്വാദനം പൂര്‍ത്തിയാവുന്നത്. അതതിന്റെ സവിശേഷമായ ഭാഷയെ സ്വയം സൃഷ്ടിക്കുകയാണ് ഓരോ കലയും ചെയ്യുന്നത്. ആവിഷ്‌കാരവും ആസ്വാദനവും തന്മയീഭവിക്കുന്ന ലയമാണ് കലയുടെ ഭാഷയുടെ പൊതുസ്വഭാവം.
(അവസാനിച്ചു)