ന്യൂദല്‍ഹി: വൈവാഹിക തര്‍ക്കങ്ങളില്‍ മേല്‍ക്കൈ നേടാനായി കുട്ടികളുമായി ബന്ധപ്പെട്ട് വ്യാജ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.
എന്ത് വില കൊടുത്തും കേസ് ജയിക്കുക എന്ന നിലപാടെടുക്കുന്ന ചില അഹങ്കാരികളായ അഭിഭാഷകര്‍ ഉള്‍പ്പെടെ, എരിതീയില്‍ എണ്ണയൊഴിക്കുന്ന ഈ രീതി പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പലപ്പോഴും, അഹങ്കാരത്താല്‍ അന്ധരായ ദമ്പതികള്‍ അനന്തരഫലങ്ങള്‍ അറിയാതെ ഈ കുതന്ത്രങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പരിഹരിക്കാനാകാത്ത വിപത്തും അപമാനവും അനാവശ്യമായ അറസ്റ്റും ഇത്തരം ആരോപണങ്ങള്‍ വരുത്തിവയ്‌ക്കുന്നു.
ഇതു തടയാനായി, കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാതെ, അന്വേഷണ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ അറസ്റ്റു നടത്തരുത്, അറസ്റ്റ് ചെയ്യുന്നതിനു മുമ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി കൂടിയാലോചിച്ച്, മനഃശാസ്ത്ര വിദഗ്‌ദ്ധനെ നിയമിച്ച് ഇരയെന്നു പറയപ്പെടുന്ന കുട്ടിയെ സ്വതന്ത്രമായി വിലയിരുത്തണം എന്നതടക്കമുള്ള, പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക കോടതികളും പാലിക്കേണ്ട നിര്‍ബന്ധിത സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചു.
















