ന്യൂദൽഹി: ജുഡീഷ്യറിയെ സമ്മർദത്തിലാക്കാനോ ഭീഷണിപ്പെടുത്താനോ ആർക്കും കഴിയില്ലെന്ന് സുപ്രീം കോടതി. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളുടെയും ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ശക്തമായ വിമർശനം.
തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചും കോടതി വളപ്പിലെ പ്രതിഷേധവും സംബന്ധിച്ചാണ് വ്യാഴാഴ്ച വാദത്തിനിടെ പരാമർശങ്ങളുണ്ടായത്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഇത്തരം നീക്കങ്ങൾ കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഹർജികളിൽ കോടതി നോട്ടീസ് അയച്ചത് പ്രതിഷേധത്തെ അംഗീകരിക്കുന്നതായോ രാഷ്ട്രീയ നേതാക്കളുടെ നടപടികളെ ന്യായീകരിക്കുന്നതായോ വ്യാഖ്യാനിക്കരുതെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയും കോടതി വളപ്പിലെ പ്രതിഷേധം സംബന്ധിച്ച വിഷയം ഉന്നയിച്ചു. സുപ്രീം കോടതിയിൽ രാഷ്ട്രീയ പ്രകടനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവിടെ നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഭാട്ടിയ ചൂണ്ടിക്കാട്ടി. ഇതിനോട് പ്രതികരിച്ചാണ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. കോടതിയിൽ സമ്മർദം ചെലുത്താനുള്ള ഇത്തരം ശ്രമങ്ങളെ ദുർബലമായ നീക്കങ്ങളായി വിശേഷിപ്പിച്ച അദ്ദേഹം, പുറത്തുനടക്കുന്ന പ്രസ്താവനകളും സംഭവവികാസങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുന്നുണ്ടെന്നും നിരീക്ഷിച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ആശങ്കകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു. എന്നാൽ വിഷയം ഇതിനകം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. സർക്കാരിന്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ കോടതി നേരിട്ട് ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, നിയമപരമായ പരിഹാരം തേടി ഉചിതമായ നടപടിക്രമങ്ങളിലൂടെ കോടതിയെ സമീപിക്കാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അറിയിച്ചിരുന്നു.
















