ന്യൂദൽഹി: തലസ്ഥാന നഗരിയിലെ പ്രധാന വിദ്യാഭ്യാസ- കോച്ചിംഗ് കേന്ദ്രമായ മുഖർജി നഗർ മേഖലയിൽ മുഖ്യമന്ത്രി രേഖ ഗുപ്ത അപ്രതീക്ഷിത സന്ദർശനം നടത്തി. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും വിവിധ സർവകലാശാലകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികളുമായി നേരിട്ട് സംസാരിച്ച അവർ, അവരുടെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ, പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
പെട്ടെന്നെത്തിയ മുഖ്യമന്ത്രി, ഒരു ചായക്കടയിൽ വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് അവരുമായി ദീർഘനേരം സംസാരിച്ചു. ദൈനംദിന ജീവിതം, താമസം, പഠന അന്തരീക്ഷം, സുരക്ഷ, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ അവർ മനസ്സിലാക്കി.
അതിവേഗ പരിഹാരങ്ങൾ
സന്ദർശന വേളയിൽ, വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഗൗരവമായി ശ്രദ്ധ ചെലുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രാദേശിക ജനപ്രതിനിധികൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
വിദ്യാഭ്യാസം നേടുന്നതിനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ദൽഹിയിലേക്ക് വരുന്ന യുവാക്കൾ തലസ്ഥാന നഗരിയുടെ കുടുംബത്തിന്റെ ഭാഗമാണെന്നും, അവർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെട്ട ഭാവിയും ഉറപ്പാക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.
ലൈബ്രറികൾ ഉണ്ടാക്കാൻ
പ്രദേശത്ത് മിതമായ നിരക്കിൽ ഉപയോഗിക്കാവുന്ന ലൈബ്രറികളുടെ കുറവും, നിലവിലുള്ള ലൈബ്രറികൾ പലപ്പോഴും അടച്ചിടുന്നതും തങ്ങളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടർന്ന്, പ്രദേശത്ത് പ്രവർത്തിക്കുന്ന ലൈബ്രറികളുടെ അവസ്ഥ, കെട്ടിടങ്ങളിലെ ന്യൂനതകൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൂടാതെ, വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ ലൈബ്രറി സജ്ജീകരിക്കുന്നതിന്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലോ ലഭ്യമായ കമ്മ്യൂണിറ്റി കെട്ടിടങ്ങളിലോ അനുയോജ്യമായ ഇടം കണ്ടെത്താൻ പ്രാദേശിക എംഎൽഎയോടും ഉദ്യോഗസ്ഥരോടും അവർ ആവശ്യപ്പെട്ടു.
പേയിങ് ഗസ്റ്റ് സംവിധാനം
‘പേയിംഗ് ഗസ്റ്റ്’ (പിജി) താമസസൗകര്യങ്ങൾക്കായി നൽകേണ്ട ഉയർന്ന വാടക, സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബ്രോക്കറേജ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ സംസാരിച്ചു. മതിയായ ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പല വിദ്യാർത്ഥികൾക്കും സ്വകാര്യ പിജി കളിലോ വാടക മുറികളിലോ താമസിക്കേണ്ടി വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തിനിടയിൽ, വനിതാ വിദ്യാർത്ഥികൾ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും പങ്കുവെച്ചു. വൈകുന്നേരങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളും, ചിലയിടങ്ങളിൽ വെളിച്ചക്കുറവുള്ളതും അവർ ശ്രദ്ധയിൽപ്പെടുത്തി.
സിസി ടിവി ശൃംഖല
പ്രദേശത്തെ തെരുവ് വിളക്കുകളുടെയും സിസിടിവി ക്യാമറകളുടെയും അവസ്ഥ പരിശോധിക്കാനും, ആവശ്യമായ ഇടങ്ങളിൽ പരിഹാര നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പോലീസ് പ്രതിനിധികൾക്കും നിർദ്ദേശം നൽകി. നിയമവിരുദ്ധമായി ഇരുണ്ട ഫിലിമുകൾ (കൂളിങ് പേപ്പർ) പതിച്ച വാഹനങ്ങൾ ഈ പ്രദേശത്ത് സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ, ചട്ടപ്രകാരം നടപടിയെടുക്കാൻ ഗുപ്ത പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശം നൽകി.
വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, ഭയമില്ലാതെ പഠനവും ദൈനംദിന കാര്യങ്ങളും തുടരാൻ കഴിയുന്ന സുരക്ഷിതമായ ഒരന്തരീക്ഷം ഉറപ്പാക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു.
പിങ്ക് ടോയ്ലറ്റുകൾ
പരിശോധനയ്ക്കിടെ, അടച്ചിട്ടിരിക്കുന്ന പൊതു ശൗചാലയങ്ങൾ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, അവയെ ‘പിങ്ക് ടോയ്ലറ്റുകൾ’ (സ്ത്രീകൾക്കായുള്ള പ്രത്യേക ശൗചാലയങ്ങൾ) ആക്കി മാറ്റി എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഇടവഴികളിലും, പ്രത്യേകിച്ച് ഇടുങ്ങിയ വഴികളിലും, ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഉണ്ടാകരുതെന്നും, ജനങ്ങൾക്ക് കുടിവെള്ള സൗകര്യം ലഭ്യമാക്കണമെന്നും അവർ നിർദ്ദേശിച്ചു.
ഇടവഴികളിലെ മാലിന്യക്കൂമ്പാരങ്ങളും ദുർഗന്ധവും ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾ, അവിടെ കൃത്യമായ ശുചീകരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇടുങ്ങിയ വഴികളും ചെറിയ താമസസ്ഥലങ്ങളും കാരണം ജീവിതസാഹചര്യങ്ങൾ ദുഷ്കരമാണെന്ന് ചില വിദ്യാർത്ഥികൾ സൂചിപ്പിച്ചു.
പ്രദേശത്തെ ശുചിത്വ സംവിധാനങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ശുചിത്വം പ്രധാന റോഡുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ചെറിയ ഇടവഴികളിലും താമസസ്ഥലങ്ങളിലും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
ലൗഡ് സ്പീക്കറുകൾ
സംഭാഷണത്തിനിടയിൽ, രാത്രിയിൽ ഉച്ചത്തിലുള്ള ശബ്ദത്തിൽ പ്രവർത്തിക്കുന്ന ലൗഡ് സ്പീക്കറുകൾ പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രശ്നവും വിദ്യാർത്ഥികൾ ഉന്നയിച്ചു.
ഇക്കാര്യത്തിൽ, ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുമ്പോൾ നിശ്ചിത സമയപരിധിയും ശബ്ദ നിയന്ത്രണ ചട്ടങ്ങളും പാലിക്കുന്നത് നിർബന്ധമാണെന്ന് ഗുപ്ത വ്യക്തമാക്കി. ഇത്തരം പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാൻ അവർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.
















