കൊച്ചി : ഉര്‍വ്വശി നായികയായ ആശ എന്ന സിനിമയിലെ പ്രകടനത്തിന് ഉര്‍വ്വശിക്ക് കയ്യടി ഉയരുകയാണ്. ഉര്‍വ്വശിക്ക് മികച്ച നടിയ്‌ക്കുള്ള അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് 2026 സെപ്റ്റംബർ 11-ന് തിയറ്ററുകളിലെത്തിയ ‘ആശ’ (Aasha) ഒരു ഡാർക്ക് സസ്പെൻസ് ത്രില്ലർ സിനിമയാണ്. ഇതില്‍ ആശ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിച്ചത്.
സിനിമ റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഉർവശി, ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പോസിറ്റീവ് റിവ്യൂകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍വ്വശിക്ക് അവാര്‍ഡ് നേടിക്കൊടുത്ത ഉള്ളടക്കം എന്ന സിനിമയിലെ ലീലാമ്മ എന്ന കഥാപാത്രത്തേക്കാള്‍ സങ്കീര്‍ണ്ണമായ കഥാപാത്രമാണ് ആശയിലെ ‘ആശ’ എന്ന് പറയുന്നു. സങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെ ഉര്‍വ്വശി അവതരിപ്പിച്ചിരിക്കുന്നതായും പറയുന്നു. ബാങ്കിലേക്ക് പോകുന്ന ഒരു സീനില്‍ തന്നെ ഉര്‍വ്വശി എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ കാണാം. മക്കളെ അമിതമായി കെയര്‍ ചെയ്യുന്ന അമിതമായി ചിന്തിച്ചുകൂട്ടുന്ന കഥാപാത്രമാണ് ഉര്‍വ്വശിയുടെ ആശ. മറ്റൊരു നടിക്കും ഈ റോള്‍ ചെയ്യാന്‍ കഴിയില്ലെന്നും പല യൂട്യൂബ് റിവ്യൂവേഴ്സും പറയുന്നു. പിന്നീട് ജോജു ജോര്‍ജ്ജ് എതിരാളിയായി എത്തുന്നതോടെ ഉര്‍വ്വശിയും ജോജുവും തമ്മിലുള്ള മത്സരാഭിനയമാണ് കാണുന്നത്. തിയറ്റര്‍ വിട്ടിറങ്ങിയവര്‍ ഉര്‍വ്വശിയുടെ പ്രകടനത്തെക്കുറിച്ച് വലിയ പ്രശംസയാണ് ചൊരിയുന്നത്. ഭാവാഭിനയത്തിന്റെ കാര്യത്തില്‍ താന്‍ ഒരു യൂണിവേഴ്സിറ്റി തന്നെയാണെന്ന് ഉര്‍വ്വശി വീണ്ടും തെളിയിക്കുന്നു. അതും അനായാസമായ അഭിനയത്തിലൂടെ.
ഈ സിനിമയില്‍ അഭിനയിക്കുക മാത്രമല്ല, തിരക്കഥാരചനയിലും ജോജു ജോര്‍ജ്ജുവുമുണ്ട്. ഇതോടെ ജോജു ജോര്‍ച്ച് ഒരു ബഹുമുഖ പ്രതിഭയാണെന്ന് വീണ്ടുംതെളിയിച്ചിരിക്കുകയാണ്. നേരത്തെ നടന്‍ എന്ന നിലയില്‍ നിരവധി സിനിമകളില്‍ ഞെട്ടിച്ചിരിക്കുന്ന ജോജു ജോര്‍ജ്ജ് പണി എന്ന സിനിമയില്‍ സംവിധായകന്റെ റോളും മികച്ചതാക്കിയിരുന്നു. ഇപ്പോഴിതാ ആശയില്‍ തിരക്കഥാകൃത്തമായി ജോജു ജോര്‍ജ്ജും പ്രവര്‍ത്തിച്ചിരിക്കുന്നു. ഐശ്വര്യാലക്ഷ്മിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.
മധു നീലകണ്ഠന്റെ ക്യാമറയും ഷാന്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതവും ഒന്നിനൊന്നു മെച്ചമാണ്.















