ഫിറോസ്‌പൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ ചേർന്നു. സെപ്റ്റംബർ 6ന് ഫിറോസ്പൂരിലെ സീറയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരിട്ടെത്തിയാണ് സെഖോണിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിലായി ഇദ്ദേഹത്തിനെതിരെ 47-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 നവംബറിലെ പ്രശസ്തമായ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഇയാൾ.
സെഖോണിനെ 2023ൽ കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പുറത്തിറങ്ങിയെങ്കിലും 2017-ൽ മോഗയിൽ വെച്ച് ഇദ്ദേഹം വീണ്ടും അറസ്റ്റിലായി. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിലൂടെ 2023 നവംബറിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. പിന്നീട് സാമൂഹിക പ്രവർത്തനങ്ങളിലും പ്രാദേശിക രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും സെഖോൺ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഫിറോസ്പുർ മേഖലയിൽ രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്ന ഗുർപ്രീത് സിങ് ദിവസങ്ങൾക്ക് മുമ്പ് സീറയിൽ പാർട്ടി ഓഫീസ് തുറന്നിരുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തൽ.
നേരത്തേ, ഗുർപ്രീത് സിങ് സെഖോണിന്റെ ഭാര്യമാരായ മൻദീപ് കൗർ സെഖോണും കുൽജീത് കൗർ സെഖോണും ശിരോമണി അകാലിദളിന്റെ പിന്തുണയോടെ ബാസിദ്പൂർ, ഫിറോസ്ഷാ മേഖലകളിൽ നിന്നുള്ള ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. ജനക്ഷേമ നയങ്ങളിൽ ആകൃഷ്ടനായാണ് ഗുർപ്രീത് സിങ് സെഖോണും അനുയായികളും പാർട്ടിയിൽ ചേർന്നതെന്ന് എ.എ.പി പഞ്ചാബ് ഘടകം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ചടങ്ങിൽ ഗുർപ്രീത് സിങ് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും സർക്കാരിന്റെ ചില നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആപ്പ് പ്രവേശനം സീറ മണ്ഡലത്തിൽ അദ്ദേഹത്തിന് പാർട്ടി സ്ഥാനാർഥിത്വം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നിലവിൽ സീറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എഎപി എം.എൽ.എ നരേഷ് കതാരിയയാണ്. ഗുർപ്രീത് സിങ്ങിന്റെ പാർട്ടി പ്രവേശനം കതാരിയ ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുള്ളതായാണ് വിവരം.
സെഖോണിന്റെ പാർട്ടി പ്രവേശനത്തിനെതിരെ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ഭരണകക്ഷി നേരിട്ട് സ്വീകരിക്കുന്നത് രാഷ്‌ട്രീയത്തിൽ തെറ്റായ മാതൃക സൃഷ്ടിക്കുമെന്നാണ് വിമർശനം.
















