ശ്രീനഗർ: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പള-അലവൻസുകളിലും മുൻ ജനപ്രതിനിധികളുടെ പെൻഷനിലും മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾ ഉൾപ്പടെ അഞ്ച് ബില്ലുകൾ അവതരിപ്പിച്ച് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പുതിയ ബില്ല് പ്രകാരം എം.എൽ.എമാരുടെ നിലവിലെ മൊത്തം പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയരും.
മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും ശമ്പള നിയമം, 1956′-ൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്ല്. ബില്ല് സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപുതന്നെ ഔദ്യോഗിക ഗസറ്റിന്റെ പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ടെലിഫോൺ ചെലവുകൾ, ഭവന വായ്‌പയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ അലവൻസുകളും സൗകര്യങ്ങളും ഈ ശുപാർശയിൽ ഉൾപ്പെടുന്നു.
1984-ലെ ജമ്മു-കശ്മീർ നിയമസഭാംഗങ്ങളുടെ പെൻഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് മറ്റൊരു ബിൽ. നിലവിലുള്ള നിയമസഭാംഗങ്ങൾ, മന്ത്രിമാർ, മുൻ നിയമസഭാംഗങ്ങൾ എന്നിവർക്ക് ബാധകമായ വ്യവസ്ഥകൾ പരിഷ്കരിക്കുക എന്നതാണ് പ്രതിഫലവും പെൻഷനും സംബന്ധിച്ച ഈ മൂന്ന് നടപടികളുടെയും ലക്ഷ്യം.
ആസൂത്രണം, നിക്ഷേപം, പ്രവർത്തനങ്ങൾ എന്നിവയിൽ പൗരന്മാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും കൂടുതൽ ഉറപ്പ് നൽകുന്ന ഒരു ബില്ലും ഒമർ അബ്ദുള്ള അവതരിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിക്ഷേപം ആകർഷിക്കുക, ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്‌ക്കുക എന്നീ ലക്ഷ്യങ്ങളോടെ ജമ്മു കശ്മീരിൽ ബിസിനസ്സ് ചെയ്യുന്നതും ജീവിതം നയിക്കുന്നതും കൂടുതൽ എളുപ്പമാക്കാനും ഈ ബില്ല് ലക്ഷ്യമിടുന്നു.
ജമ്മു-കശ്മീർ ചരക്ക്-സേവന നികുതി (ജിഎസ്‌ടി) നിയമം, 2017 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും മുഖ്യമന്ത്രി അവതരിപ്പിച്ചു. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് അബ്ദുള്ള ഈ നിയമനിർമ്മാണ നടപടി അവതരിപ്പിച്ചത്. നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ (ശരത്കാല സമ്മേളനം) അവതരിപ്പിച്ച അഞ്ച് ബില്ലുകളിൽ ഒന്നാണിത്.
















